ഉള്ളുകളി...! ഗുജറാത്ത് 83 റണ്‍സിനു ചെന്നൈയോടു തോറ്റു
Monday, May 26, 2025 3:54 AM IST
അഹമ്മദാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണ് പ്ലേ ഓഫില്‍ പ്രവേശിച്ച ടീമുകളുടെ ഉള്ളുകളി എന്താണെന്നു വ്യക്തമാകാതെ അന്തംവിട്ട് ആരാധകര്‍. പ്ലേ ഓഫില്‍ ഇടംനേടിയശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സ് 83 റണ്‍സിന് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ ഇന്നലെ തകര്‍ത്തു. ഇതോടെ 14 മത്സരങ്ങളില്‍ 18 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് 18-ാം സീസണ് ഐപിഎല്ലിന്റെ ലീഗ് റൗണ്ട് പൂര്‍ത്തിയാക്കി.
ഈ മാസം 18നു ഡല്‍ഹി ക്യാപ്പിറ്റന്സിനെ 10 വിക്കറ്റിനു കീഴടക്കി തങ്ങളുടെ 12-ാം മത്സരത്തില്‍ ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചതാണ്. അതിനുശേഷം ലക്നോ സൂപ്പര്‍ ജയന്റ്സിനോട് 33 റണ്‍സിനും ഇന്നലെ ചെന്നൈയോട് 83 റണ്‍സിനും പരാജയപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ ജയിച്ചാല്‍ ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമെന്നിരിക്കേയാണ് ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് ദയനീയ തോല്‍വി വഴങ്ങിയത്.
പ്ലേ ഓഫിനുശേഷം വന്‍വീഴ്ച
ഈ മാസം 21നു മുംബൈ ഇന്ത്യന്‍സ് 59 റണ്‍സിന് ഡല്‍ഹി ക്യാപ്പിറ്റന്സിനെ കീഴടക്കിയതോടെയാണ് പ്ലേ ഓഫ് ടീമുകളുടെ പട്ടിക പൂര്‍ണമായത്, ഗുജറാത്ത് ടൈറ്റന്‍സിനും പഞ്ചാബ് കിംഗ്സിനും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും പിന്നാലെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍. ശേഷം പ്ലേ ഓഫിൽ ഇടം നേടിയ ടീമുകളുടെ വന്‍വീഴ്ചയാണ് ഐപിഎല്ലിലെ തുടര്‍ക്കഥ.
ബംഗളൂരു 42 റണ്‍സിന് ഹൈദരാബാദിനോടും പഞ്ചാബ് ആറ് വിക്കറ്റിന് ഡല്‍ഹിയോടും പരാജയപ്പെട്ടു. ഒപ്പം ഗുജറാത്തിന്റെ രണ്ടു തോല്‍വികളും. ലീഗ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് ഫൈനലിലെത്താന്‍ രണ്ട് അവസരം (ക്വാളിഫയര്‍ 1, 2) ഉണ്ടെന്നിരിക്കേ ഗുജറാത്ത് അവസരങ്ങള്‍ തുലച്ചു. ഓരോ മത്സരം ശേഷിക്കുന്ന പഞ്ചാബ്, ബംഗളൂരു, മുംബൈ ടീമുകള്‍ക്ക് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനുള്ള അവസരമുണ്ട്. അതില്‍ പഞ്ചാബും മുംബൈയും തമ്മിലാണ് ഇന്നത്തെ മത്സരം. നാളെ ബംഗളൂരു ലക്നോയെ നേരിടും.
മുംബൈ പഞ്ചാബിനെ തോല്‍പ്പിക്കുകയും ലക്നോയോട് ബംഗളൂരു തോല്‍ക്കുകയും ചെയ്താല്‍, മുംബൈ ഇന്ത്യന്‍സ് നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യും. അതേസമയം, പഞ്ചാബും ബംഗളൂരുവും ജയിച്ചാല്‍ അവര്‍ രണ്ടും ആദ്യ രണ്ടു സ്ഥാനത്തു ഫിനിഷ് ചെയ്യും.
ബ്രേവ് ബ്രെവിസ്
ഗുജറാത്ത് ടൈറ്റന്‍സിന് എതിരേ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ജയത്തിലെത്തിച്ചത് ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു. 23 പന്തില്‍ 57 റണ്‍സ് നേടിയ ബ്രെവിസാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയും (35 പന്തില്‍ 52) ചെന്നൈക്കുവേണ്ടി അര്‍ധസെഞ്ചുറി നേടി. ഉര്‍വില്‍ പട്ടേലും (19 പന്തില്‍ 37) ശിവം ദുബെയും (എട്ട് പന്തില്‍ 17) രവീന്ദ്ര ജഡേജയും (18 പന്തില്‍ 21) സ്കോര്‍ബോര്‍ഡിലേക്കു സംഭാവ ചെയ്തു.
231 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് 18.3 ഓവറില്‍ 147 റണ്‍സിനു പുറത്തായി. 28 പന്തില്‍ 41 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ടീമിന്റെ ടോപ് സ്കോറര്‍. ചെന്നൈക്കുവേണ്ടി അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ് എന്നിവര്‍ മൂന്നു വീതവും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. 2025 സീസണ് ചെന്നൈ ജയത്തോടെ അവസാനിപ്പിച്ചു.