സ്റ്റഡ്ഗഡ് കപ്പ്
Monday, May 26, 2025 3:54 AM IST
മ്യൂണിക്: 2024-25 സീസണ് ജര്‍മന്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്റ്റഡ്ഗഡിന്. ആറ് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നാം ഡിവിഷന് ക്ലബ്ബായ അര്‍മീനിയ ബെലെഫെല്ഡിനെ കീഴടക്കിയാണ് സ്റ്റഡ്ഗഡ് ജര്‍മന്‍ കപ്പില്‍ മുത്തംവച്ചത്.
ജര്‍മന്‍ കപ്പ് സ്വന്തമാക്കുന്ന ആദ്യ മൂന്നാം ഡിവിഷന് ക്ലബ് എന്ന ചരിത്രം കുറിക്കുക എന്ന ലക്ഷ്യത്തോടെ കളത്തില്‍ എത്തിയ അര്‍മീനിയയെ 66 മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ 4-0നു സ്റ്റഡ്ഗഡ് പിന്നിലാക്കി. നിക് വോള്‍ട്ടെമെയ്ഡ് (15’), എന്‍സൊ മില്ലോട്ട് (22’, 66’), ഡെനിസ് ഉന്‍ഡവ് (28’) എന്നിവരായിരുന്നു സ്റ്റഡ്ഗഡിന്റെ ഗോള്‍ നേട്ടക്കാര്‍. ജൂലിയന്‍ കനിയ (82’) അര്മീനിയയ്ക്കുവേണ്ടി ഒരു ഗോള്‍ മടക്കി. 85-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ സ്റ്റഡ്ഗഡ് എതിരാളികളുടെ തോല്‍വി ഭാരം കുറച്ചു.
28 വര്‍ഷത്തെ കാത്തിരിപ്പ്
28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ജര്‍മന്‍ കപ്പില്‍ സ്റ്റഡ്ഗഡിന്റെ മുത്തം വീഴുന്നത്. 1996-97 സീസണിലായിരുന്നു സ്റ്റഡ്ഗഡ് ജര്‍മന്‍ കപ്പ് അവസാനമായി സ്വന്തമാക്കിത്, ടീമിന്റെ നാലാം ജര്‍മന്‍ കപ്പ് നേട്ടം. നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് സ്റ്റഡ്ഗഡ് ഒരു സുപ്രധാന ട്രോഫി സ്വന്തമാക്കുന്നതെന്നതും ശ്രദ്ധേയം. 2006-07 സീസണില്‍ ജര്‍മന്‍ ബുണ്ടസ് ലിഗ സ്വന്തമാക്കിയശേഷം ക്ലബ്ബിന്റെ ആദ്യ സുപ്രധാന ട്രോഫിയാണ് 2024-25 സീസണ് ജര്‍മന്‍ കപ്പ്.