റിക്കാർഡ് സല
Monday, May 26, 2025 3:54 AM IST
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2024-25 സീസണ് ട്രോഫിയില്‍ ചുംബിച്ച് ലിവര്‍പൂള്‍ എഫ്സി. നേരത്തേതന്നെ കിരീടം ഉറപ്പിച്ച ലിവര്‍പൂള്‍, സീസണിലെ അവസാന മത്സരത്തില്‍ 1-1നു ക്രിസ്റ്റല്‍ പാലസുമായി സമനിലയില്‍ പിരിഞ്ഞു.
ക്രിസ്റ്റലിനെതിരേ നടന്ന മത്സരത്തിനുശേഷമാണ് ലിവര്‍പൂളിന് ട്രോഫി സമ്മാനിച്ചത്. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ലിവര്‍പൂളിനെ 84-ാം മിനിറ്റിലെ ഗോളിലൂടെ മുഹമ്മദ് സലയാണ് സമനിലയില്‍ എത്തിച്ചത്. 68-ാം മിനിറ്റില്‍ റയാന് ഗ്രാവന്‍ബെര്‍ച്ച് ചുവപ്പുകാര്‍ഡ് കണ്ടതോടെ ലിവര്‍പൂള്‍ 10 പേരായി ചുരുങ്ങിയിരുന്നു.
പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമെന്ന റിക്കാര്‍ഡിന് ഒപ്പവും മുഹമ്മദ് സല എത്തി, 29 ഗോളും 18 അസിസ്റ്റും അടക്കം 47 ഗോള്‍ പങ്കാളിത്തം. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ആഴ്സണൽ ടീമുകളും അവസാന റൗണ്ടിൽ ജയിച്ചു. ലീഗ് ടേബിളിൽ ആദ്യ അഞ്ച് സ്ഥാനക്കാരായ ലിവർപൂൾ, ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ ടീമുകൾ ചാന്പ്യൻസ് ലീഗ് യോഗ്യത നേടി.