ഇന്ത്യ മുഖ്യശത്രുവായി കാണുന്നത് ചൈനയെ: യുഎസ് റിപ്പോർട്ട്
Monday, May 26, 2025 1:52 AM IST
വാഷിംഗ്ടൺ ഡിസി: നിലനിൽപ്പിനു ഭീഷണി ഉയർത്തുന്ന രാജ്യമായിട്ടാണ് ഇന്ത്യയെ പാക്കിസ്ഥാൻ പരിഗണിക്കുന്നതെന്ന് അമേരിക്ക. അതേസമയം, ഇന്ത്യ ഒന്നാം നന്പർ ശത്രുവായി കാണുന്നതു ചൈനയെ ആണ്; പാക്കിസ്ഥാനെ ഒരു സുരക്ഷാ പ്രശ്നമായിട്ടു മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നത്. അമേരിക്കൻ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി തയാറാക്കിയ 2025 വർഷത്തിലെ ആഗോള ഭീഷണികൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ.
സൈനികശക്തിയിൽ ഇന്ത്യക്കുള്ള മേധാവിത്വം മറികടക്കാനായി പാക്കിസ്ഥാൻ അണ്വായുധശേഖരം നവീകരിച്ചുവരികയാണ്. യുദ്ധത്തിനിടെ പ്രയോഗിക്കാവുന്നതരം അണ്വായുധങ്ങൾ വികസിപ്പിക്കാൻ അവർ ശ്രമിക്കുന്നു. നശീകരണശേഷി കൂടിയ ആയുധങ്ങൾ വിദേശരാജ്യങ്ങളിൽനിന്നു സ്വന്തമാക്കി വരികയാണ്.
ചൈനയിൽനിനിന്നു വലിയ തോതിലുള്ള സൈനിക, സാന്പത്തിക സഹായം പാക്കിസ്ഥാനു ലഭിക്കുന്നുണ്ട്. ചൈനീസ്, പാക് സേനകൾ സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുന്നു. നശീകരണശേഷി കൂടിയ ആയുധങ്ങളുടെ ഭാഗങ്ങൾ പ്രധാനമായും പാക്കിസ്ഥാനു ലഭിക്കുന്നത് ചൈനയിൽനിന്നാണ്. ഹോങ്കോംഗ്, സിംഗപ്പുർ, തുർക്കി, യുഎഇ രാജ്യങ്ങൾ വഴിയാണ് ഇവ പാക്കിസ്ഥാനിലേക്കു കടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ആഗോളതലത്തിൽ ചൈനയെ നേരിടുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചൈനീസ് സ്വാധീനം മറികടക്കാനായി ഇന്ത്യ ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഇപ്പോഴും കെട്ടണഞ്ഞിട്ടില്ല. ഇന്ത്യ സേനാബലം വർധിപ്പിച്ചുവരികയാണ്. റഷ്യയുമായുള്ള ബന്ധം ഇന്ത്യ തുടരും. പ്രതിരോധ, സാന്പത്തിക ലക്ഷ്യങ്ങൾക്കു റഷ്യൻ പിന്തുണ ഇന്ത്യക്കു വേണം. ഇന്ത്യൻ സേനയുടെ നട്ടെല്ലായ യുദ്ധവിമാനങ്ങളും ടാങ്കുകളും റഷ്യൻ നിർമിതമാണ്. റഷ്യൻ ആയുധ ഇറക്കുമതി കുറച്ചെങ്കിലും സ്പെയർ പാർട്സുകൾക്കായി റഷ്യയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യ.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും തുടർന്നുണ്ടായ സംഘർഷത്തെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. തുടർന്ന് ഇരു രാജ്യങ്ങളും മിസൈൽ, ഡ്രോൺ, പീരങ്കി ആക്രമണങ്ങളിലേർപ്പെട്ടുവെന്നും മേയ് 10ന് വെടിനിർത്തലുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.