യുക്രെയ്നിൽ റഷ്യയുടെ വൻ ഡ്രോൺ-മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു
Monday, May 26, 2025 1:52 AM IST
കീവ്: യുക്രെയ്നിൽ റഷ്യൻ സേനയുടെ വൻ വ്യോമാക്രമണം. ശനിയാഴ്ച രാത്രി 298 ഡ്രോണുകളും 69 മിസൈലുകളും റഷ്യ തൊടുത്തതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. രാജ്യത്തെന്പാടുമായി 12 പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
റഷ്യൻ സേന യുക്രെയ്നിൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. കഴിഞ്ഞ ദിവസങ്ങളിലും വൻ വ്യോമാക്രമണം നടത്തിയിരുന്നു. തലസ്ഥാനമായ കീവ്, രണ്ടാമത്തെ വലിയ നഗരമായ ഖാർകീവ്, സൈറ്റോമിർ, മൈക്കോളേവ് എന്നിവടങ്ങൾ ആക്രമണം നേരിട്ടു. ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടുവെന്നാണു യുക്രെയ്ൻ അറിയിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യക്കെതിരേ ശബ്ദമുയർത്തണമെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടു. അമേരിക്കയുടെയും മറ്റു ലോക ശക്തികളുടെയും നിശബ്ദത റഷ്യൻ പ്രസിഡന്റ് പുടിനു പ്രോത്സാഹനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിൽനിന്നു മൂന്നു പ്രദേശങ്ങൾ പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. ഡോണറ്റ്സ്ക്, സുമി മേഖലകളിലെ മൂന്നു ഗ്രാമങ്ങളുടെ നിയന്ത്രണമാണു റഷ്യൻ സേനയ പിടിച്ചെടുത്തത്. പ്രദേശങ്ങളിലെ നിയന്ത്രണം നഷ്ടമായെന്ന് യുക്രെയ്ൻ സമ്മതിച്ചിട്ടില്ല.
തടവുകാരെ കൈമാറി
മോസ്കോ: ഇസ്താംബൂൾ ചർച്ചയിലെ ധാരണയനുസരിച്ച് റഷ്യയും യുക്രെയ്നും ആയിരം വീതം തടവുകാരെ കൈമാറി. മൂന്നു ദിവസങ്ങളിലായിട്ടാണ് കൈമാറ്റം പൂർത്തിയായത്.
ഇതിൽ ഭൂരിഭാഗവും യുദ്ധത്തിനിടെ പിടികൂടപ്പെട്ടവരാണ്.