ഇന്ത്യാക്കാരെ കൊലപ്പെടുത്തി കൈയും വീശി പോകാൻ ഇനി സാധിക്കില്ല: ശശി തരൂർ
Monday, May 26, 2025 1:52 AM IST
ന്യൂയോർക്ക്: പാക്കിസ്ഥാനിൽനിന്നെത്തി ഇന്ത്യാക്കാരെ കൊലപ്പെടുത്തുകയും ശിക്ഷ കൂടാതെ രക്ഷപ്പെടുകയും ചെയ്യാമെന്ന തോന്നൽ ഇനി വേണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുണ്ടാകാൻ പോകുന്ന സ്ഥിതിവിശേഷമിതാണെന്നും പാക്കിസ്ഥാൻ ചെയ്യുന്നതിനെല്ലാം കനത്ത വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇന്ത്യൻ-അമേരിക്കൻ വിഭാഗത്തിലെ പ്രമുഖരുമായി നടത്തിയ സംവാദത്തിലാണ് ശശി തരൂരിന്റെ പരാമർശങ്ങൾ.
“ഇന്ത്യ പാക്കിസ്ഥാനു നൽകിയ സന്ദേശം വ്യക്തമാണ്. നിങ്ങളാണ് എല്ലാം തുടങ്ങിയത്. ഞങ്ങൾ മറുപടി മാത്രമാണു നൽകിയത്. നിങ്ങൾ നിർത്തുന്പോൾ ഞങ്ങളും നിർത്തും. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജീവനുകൾ ധാരാളം പൊലിഞ്ഞതിനാൽ തിരിഞ്ഞു നോക്കുന്പോൾ സംഭവിച്ചതിൽ ഇന്ത്യക്ക് നിരാശയുണ്ട്. അതേസമയം, വർധിച്ച നിശ്ചയദാർഢ്യത്തോടെ ഇന്ത്യ ഈ അനുഭവത്തെ കാണാനും ഇഷ്ടപ്പെടുന്നു”- അദ്ദേഹം പറഞ്ഞു. തരൂർ നയിക്കുന്ന പ്രതിനിധിസംഘം ശനിയാഴ്ചയാണ് ന്യൂയോർക്കിലെത്തിയത്. ഇവിടെനിന്ന് സംഘം ഇന്നലെ ഗയാനയിലെത്തി.