നിലന്പൂർ ഉപതെരഞ്ഞെടുപ്പ്: കച്ചമുറുക്കി മുന്നണികൾ
തോമസ്കുട്ടി ചാലിയാർ
Monday, May 26, 2025 5:24 AM IST
നിലന്പൂർ: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ നിലന്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഉപതെരഞ്ഞെടുപ്പിന് ഇനി 25 നാൾ മാത്രം. 232384 വോട്ടർമാരാണ് മണ്ഡലത്തിലുളളത്. 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും ഒന്‍പത് ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടും. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി ഉയർന്നിട്ടുണ്ട്.
അന്തിമ പട്ടികയിൽ 374 പ്രവാസി വോട്ടർമാരുമുണ്ട്. നിലന്പൂർ നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരന്പലം എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് നിലന്പൂർ നിയോജകമണ്ഡലം.
പി.വി. അൻവർ എംഎൽഎസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുന്നണികൾക്കു മാത്രമല്ല. പി.വി. അൻവറിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ തൃണമൂൽ കോണ്‍ഗ്രസിനും ഈ ഉപതെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. അൻവറല്ല, ഇടതുപക്ഷമാണു നിലന്പൂരിൽ ശക്തർ എന്ന് തെളിയിക്കാൻ എൽഡിഎഫിനു വിജയം അനിവാര്യമാണ്. അതിനാൽതന്നെ ഭരണനേട്ടം ഉയർത്തി വിജയം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് എൽഡിഎഫിനുള്ളത്.
യുഡിഎഫിന് ഇത് അഭിമാന പോരാട്ടമാണ്. ആര്യാടന്റെ തട്ടകം തിരിച്ചുപിടിക്കുക എന്ന ദൗത്യം മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കാണോ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനാണോ എന്ന് മാത്രം അറിഞ്ഞാൽ മതി. 2016ലും 2021ലും ഗ്രൂപ്പുകളി മൂലം നഷ്ടമായ നിലന്പൂർ ഇക്കുറി ഗ്രൂപ്പ് കളിച്ച് നഷ്ടമാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിതന്നെ മത്സരിച്ചിട്ടും ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ വയനാട്ടിൽ 1,51,000 വോട്ടുകൾ പിടിച്ചതിൽ 16,353 വോട്ടുകൾ നിലന്പൂർ മണ്ഡലത്തിൽനിന്നായിരുന്നു. രാഹുൽഗാന്ധി രാജിവച്ച ഒഴിവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്കെതിരേ നവ്യ ഹരിദാസ് മത്സരിച്ചപ്പോഴും 13,555 വോട്ടുകൾ ബിജെപി നേടി. അതിനാൽതന്നെ ശക്തനായ സ്ഥാനാർഥിയെ നിറുത്താനാണു ബിജെപി തീരുമാനം.
മുനന്പം, വഖഫ് ഭേദഗതി ബിൽ, വന്യമൃഗശല്യം എന്നീ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ പരിഗണിക്കാനാണു കൂടുതൽ സാധ്യത. അഡ്വ. ഷോണ്‍ ജോർജ്, അനൂപ് ആന്റണി എന്നിവർക്കാണു സാധ്യത. മൂന്നാമതൊരാൾ വന്നാൽ നവ്യാ ഹരിദാസിനാകും നറുക്കു വീഴുക. എൽഡിഎഫ് പൊതുസ്വതന്ത്രനെ നിറുത്താൻ സാധ്യത കൂടുതലാണ്. പ്രഫ. തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവരിലൊരാൾ വരാനും സാധ്യതയുണ്ട്. കോണ്‍ഗ്രസിൽനിന്ന്, പാലക്കാട് മോഡലിൽ ഒരാൾ സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇക്കുറി മത്സര രംഗത്ത് ഉണ്ടാകും.
നേരിയ മുൻതൂക്കം യുഡിഎഫിന്
നിലന്പൂർ: നിലന്പൂർ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നേരിയ മേൽക്കോയ്മ യുഡിഎഫിന്. ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ എട്ട് വിജയം യുഡിഎഫും ഏഴു വിജയം എൽഡിഎഫുമാണു നേടിയെടുത്തത്. 1965ൽ രൂപംകൊണ്ട നിലന്പൂർ മണ്ഡലത്തിൽ കൂടുതൽ തവണ വിജയക്കൊടി പാറിച്ചത് യുഡിഎഫിനു വേണ്ടി മത്സരിച്ച കോണ്‍ഗ്രസാണ്. 1965ലും 1967ലും കോണ്‍ഗ്രസിലെ ആര്യാടൻ മുഹമ്മദിനെ പരാജയപ്പെടുത്തി സിപിഎം സ്ഥാനാർഥി കുഞ്ഞാലി ജയം സ്വന്തമാക്കി.
1969ൽ കുഞ്ഞാലി വെടിയേറ്റ് മരിച്ചതിനെത്തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി അബൂബക്കറിനെ പരാജയപ്പെടുത്തി എം.പി. ഗംഗാധരൻ നിലന്പൂർ മണ്ഡലം കോണ്‍ഗ്രസിനായി നേടിയെടുത്തു. 1977ൽ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ മുഹമ്മദ് സിപിഎമ്മിലെ കെ. സൈതാലിക്കുട്ടിയെ പരാജയപ്പെടുത്തി സീറ്റ് നിലനിറുത്തി ആദ്യമായി നിയമസഭയിലെത്തി. 1978ൽ കോണ്‍ഗ്രസിലെ പിളർപ്പിനെത്തുടർന്ന് എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർക്കൊപ്പം ആര്യാടൻ മുഹമ്മദ് എൽഡിഎഫിലെത്തി.
1980ലെ തെരഞ്ഞെടുപ്പിൽ ആന്റണി കോണ്‍ഗ്രസിലെ സി. ഹരിദാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് കോണ്‍ഗ്രസിലെ ടി.കെ. ഹംസയെ തോൽപ്പിച്ചു. എന്നാൽ, 1980ലെ ലോക്സഭാ തെരഞ്ഞടുപ്പിൽ പൊന്നാനിയിൽ ജി.എം. ബനാത്ത്വാലയ്ക്കെതിരേ മത്സരിച്ച ആര്യാടൻ മുഹമ്മദ് 54,000 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും നായനാർ മന്ത്രിസഭയിൽ ആര്യാടൻ മന്ത്രിയായതിനെത്തുടർന്ന് ആര്യാടൻ മുഹമ്മദിന് മത്സരിക്കാനായി സി. ഹരിദാസ് എംഎൽഎസ്ഥാനം രാജിവച്ചു.
1980ലെ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി. രണ്ട് മുന്നണികളിലായി മത്സരിച്ച് വിജയിച്ച നേതാവ് എന്ന പേരും ആര്യാടൻ സ്വന്തമാക്കി.
1982ൽ രാഷ്ട്രീയചിത്രം വീണ്ടും മാറി ആന്റണി കോണ്‍ഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് തിരിച്ചെത്തി. തുടർന്ന് 1982ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ആര്യാടൻ മുഹമ്മദിനെ കോണ്‍ഗ്രസ് വിട്ട് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ടി.കെ.ഹംസ പരാജയപ്പെടുത്തി സീറ്റ് നിലനിറുത്തി.
എന്നാൽ 1987ൽ സിറ്റിംഗ് എംഎൽഎയായിരുന്ന ടി.കെ. ഹംസ നിലന്പൂരിൽ മത്സരിക്കാതെ ബേപ്പൂർ മണ്ഡലത്തിലേക്കു മാറി. 1987ൽ ദേവദാസ് പൊറ്റക്കാടിനെയും 1991ൽ മന്പാട് അബ്ദുറഹ്മാൻ മാസ്റ്ററെയും 1996ൽ പ്രഫ. എം. തോമസ് മാത്യുവിനെയും 2001ൽ പ്രഫ. പി. അൻവറിനെയും 2006ൽ പി. ശ്രീരാമകൃഷ്ണനെയും 2011ൽ പ്രഫ. എം. തോമസ് മാത്യുവിനെയും തോൽപ്പിച്ച് തുടർച്ചയായി ആറു തവണ ആര്യാടൻ മുഹമ്മദ് വിജയിച്ചു.
2016ൽ ആര്യാടൻ മുഹമ്മദ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി. തുടർന്ന് മകൻ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥിയായി. എൽഡിഎഫ് സ്വതന്ത്രൻ പി.വി. അൻവർ ഷൗക്കത്തിനെ പരാജയപ്പെടുത്തി.
29 വർഷത്തിനു ശേഷം മണ്ഡലം എൽഡിഎഫിനൊപ്പമായി. 2021ൽ യുഡിഎഫ് സ്ഥാനാർഥിയായി വി.വി. പ്രകാശ് മത്സരിച്ചങ്കിലും പി.വി. അൻവർ രണ്ടാംതവണയും വിജയിച്ചു.
നിലന്പൂർ മണ്ഡലം 2021 നിയമസഭ തെരഞ്ഞെടുപ്പ്.
ആകെ വോട്ട് 2,25,386- പോൾ ചെയ്തത് 1,73,413- പോളിംഗ് ശതമാനം 76.96-
പി.വി. അൻവർ 81,227(എൽഡിഎഫ്)
വി.വി. പ്രകാശ് 78,557(യുഡിഎഫ്)
ടി.കെ. അശോക്കുമാർ 8,592 (എൻഡിഎ)
ബാബുമണി കരുവാരകുണ്ട് 3,281 (എസ്ഡിപിഐ)
ഭൂരിപക്ഷം: 2700
2024 ലോക്സഭ
നിലന്പൂർ മണ്ഡലത്തിൽ ആകെ വോട്ട്: 2,26,008.
പോൾ ചെയ്തത് 1,61,318.
രാഹുൽഗാന്ധി(യുഡിഎഫ്) 99,325.
ആനിരാജ(എൽഡിഎഫ്) 42,962.
കെ. സുരേന്ദ്രൻ(എൻഡിഎ) 16,353.
ഭൂരിപക്ഷം: 56,363.
2024 ലോക്സഭ ഉപതെരഞ്ഞെടുപ്പ് :
നിലന്പൂർ മണ്ഡലത്തിൽ ആകെ വോട്ട്: 2,26,541.
പോൾ ചെയ്തത് 1,40,232.
പ്രിയങ്കഗാന്ധി(യുഡിഎഫ്) 95,043.
സത്യൻ മൊകേരി(എൽഡിഎഫ്)29,911.
നവ്യാഹരിദാസ് (എൻഡിഎ)13,555.