കുടുംബ ബജറ്റുകൾ താറുമാറാക്കി വെളിച്ചെണ്ണ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, May 26, 2025 1:52 AM IST
വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് നിയന്ത്രണം അനിവാര്യം, കുടുംബ ബജറ്റുകൾ താറുമാറാകുന്നു. കയറ്റുമതി നിരോധനത്തിന് കേന്ദ്രം തയാറായില്ലെങ്കിൽ കേരളം വീണ്ടും ഇതര പാചകയെണ്ണകളിലേക്ക് ചുവടുമാറ്റും. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ കടന്നുവരവിനിടയിൽ കാർഷിക മേഖല റബറിൽ പ്രതീക്ഷ നിലനിർത്തുന്നു. വിയറ്റ്നാമിൽ കുരുമുളകിന്റെ വിൽപ്പന സമ്മർദ്ദം കണ്ട് അന്തർസംസ്ഥാന വാങ്ങലുകാർ കേരളത്തിൽനിന്നുള്ള ചരക്ക് സംഭരണം കുറച്ചു. സ്വർണം വീണ്ടും മുന്നേറി.
തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലേക്ക് പ്രവേശിച്ചു, പതിവിലും എട്ട് ദിവസം നേരത്തേയാണ് കാലവർഷത്തിന്റെ രംഗപ്രവേശനം. കഠിനമായ ഉഷ്ണ തരംഗത്തിൽനിന്ന് ആശ്വാസം നൽകുന്നതിനോടൊപ്പം കാർഷികോത്പാദനം ഉയർത്താനുള്ള സാധ്യതകൾ ഇരട്ടിക്കും.
കേരളത്തെ സംബന്ധിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്കും റബറിനും നാളികേരത്തിനും നെൽ കൃഷിക്കുമെല്ലാം മഴയുടെ വരവ് ഏറെ ഗുണം ചെയ്യും. ചോളം, പരുത്തി, ഗോതമ്പ്, സോയാബീൻ, കരിമ്പ് തുടങ്ങിയ വിളകൾക്കും കാലാവസ്ഥാ മാറ്റം അനുകൂലമാണ്. ഏഷ്യയിലെ മൂന്നാം ശക്തിയായ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ സാമ്പത്തിക വളർച്ചയ്ക്കു നിർണായക പങ്കാണ് കാലവർഷം നമുക്കു സമ്മാനിക്കുന്നത്. രാജ്യത്തെ 70 ശതമാനം വരുന്ന കർഷകരും മൺസൂൺ മഴയെ ആശ്രയിച്ചാണു കൃഷി ഇറക്കുന്നത്.
പിടിച്ചുകെട്ടാനാവാത്ത വിധം വെളിച്ചെണ്ണ വില കുതിച്ചു കയറുന്നു. എണ്ണ വില 350 കടന്ന് 400നെ ലക്ഷ്യമാക്കുന്നു. പ്രദേശിക വിപണികളിൽ നാടൻ വെളിച്ചെണ്ണ 400ലേക്ക് അടുക്കുന്നു. എണ്ണയുടെ വിലക്കയറ്റത്തിനിടയിൽ സംസ്ഥാനത്തെ കുടുംബ ബജറ്റുകൾ താറുമാറാവുന്നു. നാളികേര കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുക അനിവാര്യം. എന്നാൽ, കൊപ്രയ്ക്ക് ഒപ്പം വെളിച്ചെണ്ണയും മുന്നേറുന്ന സാഹചര്യത്തിൽ സബ്സിഡി നിരക്കിൽ എണ്ണ പൊതുവിതരണ കേന്ദ്രങ്ങൾ വഴി ജനങ്ങളിലേക്ക് എത്തികേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോ 160 രൂപ മാത്രമായിരുന്ന വെളിച്ചെണ്ണ വില ഇരട്ടിയിൽ ഏറെയാണ് ഉയർന്നത്.
മലയാളികളുടെ കറികളിൽ തേങ്ങയുടെ സ്വാധീനം കുറയുന്നു. ഈ നില തുടർന്നാൽ പാചകയെണ്ണയുടെ കാര്യത്തിൽ മലയാളി വെളിച്ചെണ്ണയെ കൈവിടുന്ന അവസ്ഥ സംജാതമാവും. ഏതാണ്ട് 35 വർഷങ്ങൾക്ക് മുൻപ് വെളിച്ചെണ്ണ വില അമിതമായി ഉയർന്നതോടെ കേരളം പാം ഓയിലേക്കു ചുവടു മാറ്റി. നീണ്ട കാലയളവിൽ ഒരു തിരിച്ചുവരവിനു പോലും അവസരം ലഭിക്കാതെ പടിക്ക് പുറത്തു നിൽക്കേണ്ടി വന്ന ചരിത്രവും വെളിച്ചെണ്ണയ്ക്കുണ്ട്. നിലവിലെ സ്ഥിതിയും വിരൽചൂണ്ടുന്നത് അത്തരം ഒരു സാധ്യതയിലേക്കാണ്.
ഒരിക്കൽ കൂടി വെളിച്ചെണ്ണയ്ക്ക് തിരിച്ചടി നേരിട്ടാൽ അതിന്റെ ആഘാതം മുൻപ് സംഭവിച്ചതിന്റെ പതിൻമടങ്ങാവും. സോയാ, സൂര്യകാന്തി എന്നുവേണ്ട, നിലക്കടലയെണ്ണ പോലും കേരള വിപണി കൈപിടിയിൽ ഒരുക്കാൻ അവസരം കാത്ത് നിൽക്കുകയാണ്. നാളികേര ക്ഷാമമാണ് വെളിച്ചെണ്ണ വിലക്കയറ്റത്തിന് ഇടയാക്കിയത്. രാജ്യാന്തര വിപണിയിലും തേങ്ങയ്ക്കും കൊപ്രയ്ക്കും ഡിമാൻഡ് ഉയർന്നതിനാൽ വ്യവസായികൾ ഇറക്കുമതിക്ക് തിരക്കിട്ട നീക്കം നടത്തില്ല.
കൊച്ചിയിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 1600 രൂപ ഉയർന്ന് 29,000ലേക്ക് കയറി. ഈ അവസരത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി വെളിച്ചെണ്ണയുടെ കയറ്റുമതി അടിയന്തരമായി നിരോധിക്കാൻ ഉത്തരവിറക്കിയാൽ കൈപൊള്ളുന്ന അവസ്ഥ നമുക്കുതന്നെ ഒഴിവാക്കാനാവും.
പ്രതീക്ഷയിൽ റബറും കുരുമുളകും
റബർ വിപണിയിലെ മരവിപ്പ് കണ്ട് കാലവർഷത്തിന് മുന്നോടിയായി തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കാൻ കർഷകർ ഉത്സാഹം കാണിച്ചില്ല. ഷീറ്റ് വിലയിലെ മാന്ദ്യം ഉത്പാദകരെ പിൻതിരിപ്പിക്കുന്ന അവസ്ഥ വ്യവസായികളെ സമ്മർദത്തിലാക്കും. ഏതാനും മാസങ്ങളായി വിപണിയുടെ മുന്നേറ്റത്തെ പല്ലും നഖവും ഉപയോഗിച്ച് പിടിച്ചുനിർത്തിയപ്പോൾ ടയർ ലോബി കണക്കുകൂട്ടിയില്ല, ഇത്തരം നിലപാടിലേക്ക് ഒരു വിഭാഗം നീങ്ങുമെന്ന്.
ഫെബ്രുവരിയിൽ സ്തംഭിക്കുന്ന റബർ ടാപ്പിംഗ് ജൂണിൽ പുനരാരംഭിക്കും. മഴ ശക്തമാകുന്ന അവസരങ്ങളിൽ മഴമറ ഒരുക്കിയ തോട്ടങ്ങളിൽ മാത്രമേ വെട്ടുമായി മുന്നേറാൻ കർഷകർക്കാകൂ. പകൽ താപനിലയിൽ കുറവ് മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർത്തും. എന്നാൽ, വിപണി വില ഉയർത്താൻ വ്യവസായികൾ മുന്നോട്ട് വന്നാൽ മാത്രമേ ഉത്പാദനരംഗം സജീവമാകൂ. നാലാം ഗ്രേഡ് റബർ കിലോ 197 രൂപയിൽ നിന്ന് വാരാന്ത്യം 199 രൂപയായി. പ്രതികൂല കാലാവസ്ഥയിൽ നിരക്ക് 200 കടന്ന് 210ലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. ടയർ നിർമാതാക്കൾ ആഭ്യന്തര വിപണിയിൽ കാര്യമായ താത്പര്യം കാണിക്കുന്നില്ലെങ്കിലും വിദേശ ചരക്കിന് കച്ചവടങ്ങൾ ഉറപ്പിക്കുന്നുണ്ട്.
പതിവിലും നേരത്തേ മഴമേഘങ്ങളെത്തിയതു കാർഷിക മേഖലയ്ക്കു നേട്ടം പകരും. വേനൽമഴയുടെ മികവിൽ പല ഭാഗങ്ങളിലും കുരുമുളക് കൊടികളിൽ തിരികളിട്ടു. കാലവർഷം അനുകൂലമായാൽ മെച്ചപ്പെട്ട വിളവിന് അവസരം ഒരുങ്ങും. ഇതിനിടയിൽ തളർച്ചയിൽനിന്നും കുരുമുളക് വില നേരിയ തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അന്തർസംസ്ഥാന വാങ്ങലുകാർ സംഭരണം നിയന്ത്രിച്ചതു തിരിച്ചടിയായി. അൺഗാർബിൾഡ് മുളക് കിലോ 674 രൂപ.
കേരളത്തിൽ പവന്റെ വില 69,760 രൂപയിൽ നിന്നും 71,920 വരെ ഉയർന്നു. ഗ്രാമിന് വില 8990 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 3357 ഡോളർ.