ബുള്ളിഷ് ട്രെൻഡ് നിലനിർത്താൻ വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, May 26, 2025 1:52 AM IST
നിൽക്കുന്നിടം കുഴിക്കാനുള്ള അമേരിക്കൻ നീക്കം ആഗോള നിക്ഷേപക മേഖലയിൽ ആശങ്കപരത്തുന്നു. യൂറോപ്യൻ യൂണിയനു മേൽ അൻപത് ശതമാനം വരെ നികുതി നീക്കം ഫലത്തിൽ യുഎസ് സന്പദ്ഘടനയിൽ തന്നെ കനത്ത വിള്ളലുവാക്കുമെന്ന കാര്യം വ്യക്തമാണ്. സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമായാൽ ഭാവിയിൽ യൂറോ-ഏഷ്യൻ സംഖ്യം ലോകത്തെ നിയന്ത്രിക്കുന്ന സാഹചര്യം ഉടലെടുക്കാം.
വാരാന്ത്യം യൂറോപ്യൻ ഓഹരി ഇൻഡക്സുകൾ മൂന്ന് ശതമാനം ഇടിഞ്ഞതിന്റെ പ്രകന്പനം ഡൗ ജോൺസ്, നാസ്ഡാക്ക് അടക്കമുള്ള അമേരിക്കൻ ഇൻഡക്സുകളെയും പിടിച്ചുലച്ചു. അതേ സമയം വാരാന്ത്യദിനം നേട്ടം നിലനിർത്താൻ ഇന്ത്യ, ജപ്പാൻ, ഹോങ്കോംഗ് വിപണികൾക്കായത് പ്രതീക്ഷ പകരുന്നു.
ഇന്ത്യൻ മാർക്കറ്റിൽ ഫണ്ടുകൾ ലാഭമെടുപ്പിനു കാണിച്ച ഉത്സാഹം മുൻനിര ഓഹരി സൂചികകളിൽ നേരിയ തളർച്ചയ്ക്കിടയാക്കി. സെൻസെക്സ് 609 പോയിന്റും നിഫ്റ്റി സൂചിക 166 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. എന്നാൽ, വെള്ളിയാഴ്ച വിപണിയിൽ അനുഭവപ്പെട്ട ബുള്ളിഷ് ട്രെൻഡ് ഈ വാരം കരുത്ത് നിലനിർത്താൻ ഉപകരിക്കുമെന്ന നിഗനത്തിലാണ് നിക്ഷേപകർ. റെഡി മാർക്കറ്റിലെ കാര്യങ്ങൾ ഇങ്ങനെയെങ്കിലും ഫ്യൂച്ചേഴ്സിൽ ഓപ്പറേറ്റർമാർ വിപണിയെ ഉഴുതുമറിക്കുന്നുണ്ട്. നിഫ്റ്റി മേയ് ഫ്യൂച്ചർ ഓപ്പൺ ഇന്ററസ്റ്റിൽ ഇടിവ് സംഭവിച്ചപ്പോൾ ജൂൺ സീരീസിൽ വർധന ആശങ്ക പരത്തുന്നു.
നിഫ്റ്റിയിൽ
നിഫ്റ്റി സൂചിക 25,019 പോയിന്റിൽനിന്നും മുൻവാരം വ്യക്തമാക്കിയ ആദ്യ പ്രതിരോധത്തിലേക്ക് ഉയരാൻ അവസരം നൽകാതെ 25,048ൽ കാലിടറിയതോടെ നിഫ്റ്റി 24,480 പോയിന്റിലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യ ദിനത്തിൽ ശക്തമായ തിരിച്ചുവരവിൽ 24,853ലാണ്. മുൻവാരം സൂചന നൽകിയതാണ് ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പിന് ഓപ്പറേറ്റർമാർ നീക്കം നടത്തിയാൽ 24,657 പോയിന്റിൽ സപ്പോർട്ട് പ്രതീക്ഷിക്കാമെന്നത്, ആ താങ്ങ് വിപണി നിലനിർത്തുന്ന സാഹചര്യത്തിൽ അടുത്ത ലക്ഷ്യം 25,107-25,361 പോയിന്റാണ്. വീണ്ടും വില്പന സമ്മർദം ഉടലെടുത്താൽ 24,539- 24,225 പോയിന്റിൽ സപ്പോർട്ടുണ്ട്.
നിഫ്റ്റി ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ ബുള്ളിഷ് ട്രെൻഡിലാണ്. അതേസമയം എംഎസിഡി മികവിലാണെങ്കിലും തിരുത്തൽ സാധ്യതകൾക്ക് സൂചന നൽക്കുന്നു. കഴിഞ്ഞ വാരം വ്യക്തമാക്കിയതാണ് ഇൻഡിക്കേറ്റുകൾ പലതും ഓവർ ബോട്ടായത് ഒരു വിഭാഗം നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിക്കുമെന്നത് ശരിവയ്ക്കുന്നതായിരുന്നു വിപണിയിൽ സംഭവവികാസങ്ങൾ.
നിഫ്റ്റി മേയ് ഫ്യൂച്ചർ 24,880ലാണ്. ഊഹക്കച്ചവടക്കാർ ലോംഗ് കവറിംഗിനായി രംഗത്ത് ഇറങ്ങിയതിനിടയിൽ ജൂണിൽ പുതിയ ഷോർട്ട് പൊസിഷനുകൾക്കും ഉത്സാഹിച്ചതായി വേണം വിലയിരുത്താൻ. മേയ് ഓപ്പൺ ഇന്ററസ്റ്റ് 13 ശതമാനം കുറഞ്ഞ് 104 ലക്ഷം കരാറുകളായി. അതേസമയം ജൂണിൽ വർധന 127 ശതമാനമാണ്, വാരാന്ത്യം ജൂൺ ഓപ്പൺ ഇന്ററസ്റ്റ് 82 ലക്ഷം കരാറുകളായി.
രണ്ട് മാസങ്ങളിലെ കരാറുകളിൽ നടന്ന ശ്രദ്ധേയമായ മാറ്റങ്ങൾ സൂചന നൽകുന്നത് ഉയർന്ന തലങ്ങളിൽ പുതിയ ഷോർട്ട് പൊസിഷനുകൾ സൃഷ്ടിക്കാൻ ഓപ്പറേറ്റർമാർ സംഘടിത നീക്കം നടത്തിയതായാണ്. വിപണിയുടെ അടിയൊഴുക്കിൽ വൻ മാറ്റം സംഭവിച്ചെങ്കിലും വ്യാപാരാന്ത്യം രണ്ട് കരാറുകളും അതിന്റെ 20 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽ ഇടം പിടിച്ചുവെന്നതാണ്. മേയ് സീരീസ് സെറ്റിൽമെന്റിന് നാല് പ്രവൃത്തിദിനങ്ങൾ മാത്രം ശേഷിക്കുന്നു. 24,973ൽ നിലകൊള്ളുന്ന ജൂണിന് 25,200ലും 25,499ലും പ്രതിരോധമുണ്ട്.
സെൻസെക്സിൽ
സെൻസെക്സ് 82,330 പോയിന്റിൽനിന്നും 82,372 പോയിന്റ് വരെ ഉയർന്നതിനിടയിൽ അലയടിച്ച വില്പന തരംഗത്തിൽ സൂചിക മുൻവാരം വ്യക്തമാക്കിയ 81,220 സപ്പോർട്ട് തകർത്ത് 80,537ലേക്ക് ഇടിഞ്ഞു. വാരാന്ത്യ ദിനത്തിലെ തിരിച്ചുവരവിൽ സെൻസെക്സ് 81,721 പോയിന്റിലാണ്. ഈ വാരം വിപണിക്ക് 82,549 ആദ്യ പ്രതിരോധം, ഇത് മറികടന്നാൽ 83,378 വീണ്ടും തടസം നേരിടാം. സെൻസെക്സിന്റെ താങ്ങ് 80,714-79,708 പോയിന്റിലാണ്.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം ഉയർന്നു. വാരാരംഭത്തിൽ 85.51ൽ നിലകൊണ്ട് വിനിമയ നിരക്ക് ഒരവസരത്തിൽ 86.08ലേക്ക് ദുർബലമായെങ്കിലും വ്യാരാന്ത്യം മൂല്യം മുൻവാരം സൂചിപ്പിച്ച 85.25- 85.00 ടാർജറ്റിലേക്ക് പ്രവേശിച്ച് ക്ലോസിംഗിൽ 85.15ലാണ്. പുതിയ സാഹചര്യത്തിൽ വിനിമയ നിരക്ക് 84.40 ലേക്ക് ശക്തിപ്രാപിക്കാമെങ്കിലും പ്രതികൂല വാർത്തകൾക്ക് രൂപയെ 85.58ലേക്ക് ദൂർബലമാക്കാം.
രാജ്യാന്തര സ്വർണ വില ട്രോയ് ഔൺസിന് 3215 ഡോളറിൽനിന്നും 3206ലേക്ക് താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ വാരാന്ത്യം 3365 ഡോളർ വരെ കുതിച്ചെങ്കിലും ക്ലോസിംഗിൽ 3357 ഡോളറിലാണ്. കഴിഞ്ഞ വാരം സൂചന നൽകിയതാണ് വിപണി ഓവർ സോൾഡായതിനാൽ ചെറിയ തോതിലുള്ള തിരിച്ചുവരവിന് അവസരം ഒരുക്കുമെന്നത് ശരിവച്ച് ബുള്ളിഷായ സ്വർണത്തിന് നിലവിൽ 3454 ഡോളറിൽ ശക്തമായ പ്രതിരോധം തലയുയർത്താം.