മുംബൈ തീരമേഖലയിൽ പുതിയ എണ്ണ, പ്രകൃതിവാതക നിക്ഷേപം
Monday, May 26, 2025 1:52 AM IST
മുംബൈ: മുംബൈ തീരമേഖലയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) പുതിയ എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഒഎൻജിസി നടത്തിയ പുതിയ കണ്ടെത്തലുകൾ സമീപഭാവിയിൽ ഓയിൽ, ഗ്യാസ് ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും.
ഓപ്പണ് ഏക്കറേജ് ലൈസൻസിംഗ് പോളിസി (ഒഎഎൽപി) പ്രകാരം അനുവദിച്ച ബ്ലോക്കുകളിലാണ് ഈ കണ്ടെത്തലുകൾ നടത്തിയതെന്ന് ഒഎൻജിസിയുടെ നാലാം പാദ വരുമാന പ്രസ്താവനയിൽ പറയുന്നു. മുംബൈ തീരത്തെ കണ്ടെത്തലുകൾക്ക് സൂര്യമണി എന്നും വജ്രമണി എന്നുമാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ, വാതക പാടങ്ങൾ മുംബൈ തീരത്താണ് സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് നിന്ന് 160 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന മുംബൈ ഹൈ, രാജ്യത്തെ ഏറ്റവും വലുതും ഏറ്റവും സമൃദ്ധവുമായ കടൽത്തീര എണ്ണ, വാതക പാടമാണ്. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉത്പാദനത്തിന്റെ 35 ശതമാനവും പ്രതിദിനം 1,34,000 ബാരൽ ഉത്പാദിപ്പിക്കുന്ന മുംബൈ ഹൈയിൽനിന്നാണ്. ഏകദേശം 10 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ വാതകവും ഇവിടെനിന്ന് ഉത്പാദിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ വാതക ഉത്പാദനത്തിന്റെ 18 ശതമാനമാണ്.
ബാസെയ്്ൻ ആൻഡ് സാറ്റലൈറ്റ് ഗ്യാസ് ഫീൽഡുകൾ, ഹീര, നീലം, പന്ന-മുക്ത തുടങ്ങിയ മറ്റ് പ്രധാന ഫീൽഡുകൾ എന്നിവയും മുംബൈ ഓഫ്ഷോറിൽ സ്ഥിതിചെയ്യുന്നു.
ഇന്ത്യ എണ്ണ ആവശ്യത്തിന്റെ 85 ശതമാനത്തിലധികവും പ്രകൃതിവാതക ആവശ്യത്തിന്റെ പകുതിയും ഇറക്കുമതി ചെയ്യുന്നു. പുതിയ കണ്ടെത്തലുകൾ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കും. പുതിയ കണ്ടെത്തലുകളിൽ ഒഎൻജിസി പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പുതിയ കണ്ടെത്തലുകളിലെ ഉത്പാദന സാധ്യതകളോ വികസിപ്പിക്കുന്നതിനുള്ള സമയപരിധിയോ ഒഎൻജിസി നൽകിയിട്ടില്ല.
മുംബൈ തീരത്തിനു പുറമേ, ജനുവരി-മാർച്ച് പാദത്തിൽ കൃഷ്ണ-ഗോദാവരി തടത്തിലും ഒഎൻജിസി കണ്ടെത്തൽ നടത്തി. ഇവിടെ 3958 മീറ്ററിൽ കുഴിച്ച പര്യവേക്ഷണ കിണർ യാൻഡപ്പള്ളി -1 ൽ എണ്ണ, വാതക ശേഖരം കണ്ടെത്തിയതായി ഒഎൻജിസി അറിയിച്ചു.