ഇന്ത്യ മുന്നിലെത്തുമ്പോഴും ഇന്ത്യക്കാരൻ പിന്നിൽ
പ്രത്യേക ലേഖകൻ
Monday, May 26, 2025 4:21 AM IST
ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്ഘടന ആയി. അഭിമാന നിമിഷം. കഴിഞ്ഞമാസം പകുതിയോടെ അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട കണക്കുകൾ ഇതു കാണിക്കുന്നു. എങ്കിലും ഇന്നലെയാണ് ഇന്ത്യ ഇതേച്ചൊല്ലി അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യ പറഞ്ഞത് രണ്ടു കാര്യം മാത്രം. കഴിഞ്ഞവർഷംവരെ നാലാം സ്ഥാനത്തായിരുന്നു ജപ്പാൻ. ഇന്ത്യ അഞ്ചാം സ്ഥാനത്തും. ഈ വർഷം ഏപ്രിലിൽ വേൾഡ് ഇക്കണോമിക് ഔട്ലുക്ക് (ഡബ്ള്യുടിഒ) പട്ടിക തയാറാക്കിയപ്പോൾ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 4.187 ലക്ഷം കോടി (ട്രില്യൺ) ഡോളർ. ജപ്പാന്റേത് 4.186 ലക്ഷം കോടി (ട്രില്യൺ) ഡോളർ.
സ്വാഭാവികമായും ഇന്ത്യക്കു നാലാം സ്ഥാനം. ജപ്പാന് അഞ്ചാം സ്ഥാനം. ഇത് ഏപ്രിൽ 14ലെ ഡബ്ള്യുടിഒ പ്രകാരം അറിവായെങ്കിലും സ്ഥാനം തമ്മിലുള്ള അകലം വളരെ നേരിയതായതിനാൽ ഇന്ത്യ വലിയ അവകാശവാദങ്ങൾക്കു മുതിർന്നില്ല; ഡോളർ രൂപ നിരക്കിൽ നേരിയ മാറ്റം വന്നാൽ മാറാവുന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ആഴ്ചകൾക്കുശേഷം അതിൽ മാറ്റം വരുന്നില്ല എന്നു കണ്ടപ്പോൾ നിതി ആയോഗ് സിഇഒ വഴി ഇന്ത്യ അവകാശം ഏറ്റെടുത്തു.
ഇതിനർഥം അമേരിക്ക (ജിഡിപി 30.51 ട്രില്യൺ ഡോളർ), ചൈന (19.23 ട്രില്യൺ ഡോളർ), ജർമനി (4.74 ട്രില്യൺ) എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ വലിയ സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്നാണ്. അതു ചെറിയ കാര്യമല്ല. ജപ്പാനും ഇന്ത്യയും തമ്മിലുള്ള അകലം അല്ല ഇന്ത്യയും ജർമനിയും തമ്മിൽ ഉള്ളത്. നിതി ആയോഗ് കണക്കാക്കുന്നത് രണ്ടര, മൂന്നു വർഷം കൊണ്ട് ഇന്ത്യക്ക് അതു തരണം ചെയ്യാമെന്നാണ്. അതോടെ 2028-29ൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുന്നതു മാത്രമല്ല കാര്യം. 2019ൽ നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത അഞ്ചു ട്രില്യൺ ഡോളർ സമ്പദ്ഘടന ആകും അപ്പോൾ ഇന്ത്യയുടേത്. അൽപം വൈകി നേടുന്ന മികവ്.
ഇന്ത്യ നാലാംശക്തി ആയപ്പോൾ ഇന്ത്യക്കാർ നാലാംശക്തി ആകുന്നില്ല എന്ന വിഷമിപ്പിക്കുന്ന സത്യം നമ്മൾ മറക്കരുത്.
ഒന്നാം ശക്തിയായ അമേരിക്കയിലെ ആളോഹരി വാർഷിക വരുമാനം 89,110 ഡോളർ ആണ്. രണ്ടാമതു വരുന്ന ചൈനയുടെ ആളോഹരി വരുമാനം 13,678 ഡോളറും. ജർമനിയുടേത് 55,910 ഡോളർ വരും. അതായതു ശരാശരി ജർമൻകാരനു ശരാശരി ചൈനാക്കാരനേക്കാൾ നാലു മടങ്ങ് ക്രയശേഷി ഉണ്ട്.
ഇന്ത്യക്കാരുടെ നിലയോ? നമ്മുടെ ആളോഹരി വരുമാനം 2880 ഡോളർ. ലോക റാങ്കിംഗിൽ 136 ാം സ്ഥാനം. ഇപ്പോൾ ഇന്ത്യ പിന്തള്ളിയ ജപ്പാന് 33,960 ഡോളറും. നമ്മൾ യുകെയെയും ഫ്രാൻസിനെയും ഇറ്റലിയെയും കാനഡയെയും ബ്രസീലിനെയും ഒക്കെ പിന്നിലാക്കിയെങ്കിലും ആളോഹരി കണക്കിൽ അവരും വേറെ 125 രാജ്യങ്ങളും നമ്മേക്കാൾ മുൻപിലാണ്.
രാജ്യം സാമ്പത്തികമായി വളർന്നു. പക്ഷേ സമ്പത്ത് വീതംവച്ചാൽ 142 കോടി ജനങ്ങൾക്കു കിട്ടാനുള്ളതു തുച്ഛം. അതു കൂടി ഉൾക്കാെണ്ടു വേണം ആഹ്ലാദപ്രകടനം.