പ്രണയം തുറന്നുപറഞ്ഞു; മകനെ പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കി ലാലു
Monday, May 26, 2025 4:21 AM IST
പാറ്റ്ന: പ്രണയം തുറന്നുപറഞ്ഞ മകനെ പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്. മൂത്തമകൻ തേജ് പ്രതാപ് യാദവിനെയാണു ലാലു പുറത്താക്കിയത്. താൻ 12 വർഷമായി ഒരു യുവതിയുമായി പ്രണയത്തിലാണെന്നായിരുന്നു, വിവാഹിതനായ തേജ് പ്രതാപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രണയരഹസ്യം പുറത്തുവന്നത്. തേജ് പ്രതാപും ഭാര്യയും അകന്നുകഴിയുകയാണ്. വിവാഹമോചന ഹർജി കുടുംബക്കോടതിയുടെ പരിഗണനയിലാണ്.
വെളിപ്പെടുത്തൽ നടത്തി ഒരു മണിക്കൂറിനു ശേഷം തേജ് പോസ്റ്റ് മുക്കി. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും എക്സിലൂടെ അറിയിക്കുകയും ചെയ്തു. എന്നാൽ ലാലു തേജിനെ കൈയോടെ പാർട്ടിയിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കി. ആറു വർഷത്തേക്കാണ് തേജിനെ പാർട്ടിയിൽനിന്നു പുറത്താക്കിയത്.
വ്യക്തിപരമായ ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹികനീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കിക്കൊണ്ടുള്ള വാർത്താക്കുറിപ്പിൽ ലാലുപ്രസാദ് യാദവ് പറഞ്ഞു.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തേജ് പ്രതാപ് യാദവ് രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചത്. രണ്ട് തവണ എംഎൽഎയായ അദ്ദേഹം സംസ്ഥാന മന്ത്രിയായിട്ടുണ്ട്. നിരവധി തവണ അദ്ദേഹം വിവാദങ്ങളിൽപ്പെടുകയും ചെയ്തു.
തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ പോലീസുകാരനെ ഡാൻസ് ചെയ്യാൻ വിസമ്മതിച്ചതിനു സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് ഏതാനും മാസങ്ങൾ മുമ്പായിരുന്നു. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ അമിതവേഗതയിൽ സഞ്ചരിച്ചതിനും അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിമതരെ പിന്തുണയ്ക്കുക, ആർജെഡി ഓഫീസിൽ ദേശീയ പ്രസിഡന്റിനായി നീക്കിവച്ചിരുന്ന കസേരയിൽ ഇരിക്കുക തുടങ്ങിയ വിക്രിയകളും ഉണ്ടായിട്ടുണ്ട്.
തേജിന്റെ വിവാഹജീവിതവും പലപ്പോഴും മാധ്യമങ്ങളുടെ തലക്കെട്ടുകളായിരുന്നു. മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെയാണ് തേജ് പ്രതാപ് വിവാഹം കഴിച്ചത്. എന്നാൽ ഏതാനും മാസങ്ങൾ മാത്രമാണ് ഈ ദാമ്പത്യബന്ധം നീണ്ടത്.