ആ തണ്ണീർതൊട്ടികൾ നിറയ്ക്കാൻ രാധേശ്യാം ഇനിയില്ല
Monday, May 26, 2025 4:21 AM IST
ജയ്പുർ: മരുഭൂമിയിൽപോലും പക്ഷികൾക്കായി വെള്ളം കരുതിവയ്ക്കുന്ന പക്ഷിസ്നേഹി രാധേശ്യാം പെമാനി ബിഷ്ണോയിയുടെ (28) അകാലമരണം വന്യജീവി സംരക്ഷകരെയും ജയ്സാൽമേറിനെയും ഞെട്ടിച്ചു.
വംശനാശഭീഷണി നേരിടുന്ന രാജസ്ഥാന്റെ സംസ്ഥാന പക്ഷിയായ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിനെ (ജിഐബി) രക്ഷിക്കാനുള്ള ശ്രമങ്ങളിലൂടെ ശ്രദ്ധേയനായ ആളാണു രാധേശ്യാം. പൊഖ്റാനിലെ ധോലിയ ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ ജനനം. വെള്ളിയാഴ്ച രാത്രി ജയ്സാൽമീറിലെ ലാഥിയിൽ രാധേശ്യാമിന്റെ വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ശ്യാം ബിഷ്ണോയി, കൻവർ രാജ് ഭാട്ടി, ഫോറസ്റ്റ് ഗാർഡ് സുരേന്ദ്ര ചൗധരി എന്നിവരും മരിച്ചു. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ ദുരവസ്ഥ പുറത്തെത്തിച്ച ആളാണു രാധേശ്യാം.
പൊഖ്റാൻ മരുഭൂമിയിൽ പക്ഷികൾക്കായി നൂറിലധികം വാട്ടർ സ്പോട്ടുകൾ (തണ്ണീർതൊട്ടികൾ) നാട്ടുകാരുടെ സഹോയത്തോടെ രാധേശ്യാം നിർമിച്ചിരുന്നു. അവയിൽ പതിവായി വെള്ളം നിറയ്ക്കുകയും ചെയ്തിരുന്നു. നിരവധി പക്ഷികളെയും മൃഗങ്ങളെയും അദ്ദേഹം രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി, ലാഥി പ്രദേശത്ത് മൃഗവേട്ട നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാൻപോകുമ്പോഴായിരുന്നു അപകടം.