ഒഡീഷയിൽ വൈദികരെ ആക്രമിച്ചു കൊള്ളയടിച്ചു
Monday, May 26, 2025 4:46 AM IST
സംബൽപുർ: ഒഡീഷയിലെ ചാർബതിയിലെ കാർമൽ നികേതനിലെത്തിയ ഒൻപതു പേരടങ്ങുന്ന സംഘം രണ്ട് വൈദികരെ ആക്രമിക്കുകയും കൊള്ളയടിക്കുക യും ചെയ്തു. ഈ മാസം 23ന് പുലർച്ചെ രണ്ടു മണിക്കായിരുന്നു സംഭവം. ഫാ. ലിനസ് (ഒസിഡി), ഫാ. സിൽവിൻ (ഒസിഡി) എന്നിവരുടെ വസതിയിൽ അതിക്രമിച്ചു കടന്ന സംഘം ആദ്യം പണം ആവശ്യപ്പെടുകയും പിന്നീട് വടികൾ കൊണ്ട് മർദിക്കുകയുമായിരുന്നു.
ഇതിനുശേഷം, മുറികളിൽ കയറി മൊബൈൽ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു. വായിൽ തുണി തിരുകി, കൈകൾ പിറകിൽ കെട്ടിയ നിലയിൽ വൈദികരെ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. ടോർച്ച് തെളിച്ച് വഴിപോക്കനായ ഒരാളുടെ ശ്രദ്ധയാകർഷിച്ചാണ് പിന്നീട് വൈദികർ രക്ഷപ്പെട്ടത്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.