അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ 11 വർഷങ്ങൾ
Tuesday, May 27, 2025 1:42 AM IST
ന്യൂഡൽഹി: മോദി സർക്കാരിന്റെ 11 വർഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലമെന്ന് കോണ്ഗ്രസ്. വിവിധ വിഭാഗക്കാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിമർശനം.
2014 മേയ് 26ന് അധികാരമേറ്റെടുത്തതിനു ശേഷമുള്ള 11 വർഷത്തിനുള്ളിൽ മോദി സർക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയായ അവകാശവാദങ്ങളായി മാറി. ‘അച്ഛേ ദിൻ’ എന്ന സ്വപ്നം പേടിസ്വപ്നമായി മാറിയെന്നും ഖാർഗെ പറഞ്ഞു.
പ്രതിവർഷം രണ്ട് കോടി തൊഴിലുകളായിരുന്നു മോദി സർക്കാരിന്റെ വാഗ്ദാനം. ഇതിൽനിന്ന് കോടികൾ അപ്രത്യക്ഷമായി. സ്ത്രീസംവരണത്തിന് വ്യവസ്ഥകൾ ഏർപ്പെടുത്തി. അവരുടെ സുരക്ഷ തകർന്നു. വരുമാനവർധന തേടിയ കർഷകർക്ക് റബർ ബുള്ളറ്റുകളാണു കിട്ടിയത്. പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം നഷ്ടമായി. അവർ ക്രൂരതകൾക്ക് ഇരയായെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവു കൂടിയായ ഖാർഗെ പറഞ്ഞു.
രാജ്യത്തിന്റെ സാന്പത്തിക വ്യവസ്ഥയും തകർച്ചയിലാണ്. പണപ്പെരുപ്പം മൂർധന്യാവസ്ഥയിലെത്തി. തൊഴിലില്ലായ്മ വർധിച്ചു. മേക്ക് ഇൻ ഇന്ത്യ പരാജയമായി. അസമത്വം വർധിച്ചു. ഇന്ത്യ ‘വിശ്വഗുരു’ ആകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ എല്ലാ രാജ്യങ്ങളുമായുള്ള ബന്ധത്തിലും വിള്ളൽ വന്നു.
ആർഎസ്എസ് എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും കടന്നാക്രമിക്കുകയാണെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും മോദി സർക്കാരിന്റെ 11-ാം വാർഷിക വേളയിൽ എക്സിലിട്ട കുറിപ്പിൽ ഖാർഗെ പറയുന്നു.