ജസ്റ്റീസ് വർമയ്ക്കെതിരായ അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി
Tuesday, May 27, 2025 1:42 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയോടു ചേർന്നുള്ള കെട്ടിടത്തിൽ നിന്ന് നോട്ടുകെട്ട് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ സുപ്രീംകോടതിയുടെ ആഭ്യന്തര കമ്മിറ്റി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പരസ്യപ്പെടുത്താൻ സുപ്രീംകോടതി വിസമ്മതിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ അഭിഭാഷകൻ അമൃത്പാൽ സിംഗ് ഖൽസ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ജസ്റ്റീസ് വർമയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച കത്തിന്റെ പകർപ്പും അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിയമസംവിധാനത്തിന്റെ സ്വാതന്ത്ര്യം, സ്വകാര്യതയ്ക്കുള്ള അവകാശത്തിലേക്കുള്ള കടന്നുകയറ്റം, രഹസ്യസ്വഭാവം എന്നിവ കണക്കിലെടുത്ത് ഈ വിവരങ്ങൾ നല്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതിയുടെ അഡീഷണൽ രജിസ്ട്രാർ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
കോടതികളിൽനിന്നുള്ള വിവരാവകാശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി 2019ൽ പുറപ്പെടുവിച്ച ഉത്തരവിൽ കോടതിയുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിന് ചില മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.