ഗൗരവ് ഗൊഗോയ് ആസാം കോണ്‍ഗ്രസ് പ്രസിഡന്റ്
Tuesday, May 27, 2025 1:42 AM IST
ന്യൂഡൽഹി: ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയിയെ ആസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിച്ചു.
അടുത്തവർഷം ആസാമിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ മുഖമായ ഗൊഗോയിയ്ക്ക് മല്ലികാർജുൻ ഖാർഗെ പുതിയ ചുമതല നല്‍കിയത്. മൂന്ന് പുതിയ വർക്കിംഗ് പ്രസിഡന്റുമാരെയും നിയമിച്ചിട്ടുണ്ട്.
2016നു ശേഷം നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തുടർച്ചയായി ബിജെപിയോട് തോറ്റു പ്രതിപക്ഷത്താണ് കോൺഗ്രസ്. മുൻ ആസാം മുഖ്യമന്ത്രിയായ തരുണ്‍ ഗൊഗോയിയുടെ മകനായ ഗൗരവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാനാണ് നീക്കം.
വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യ വെല്ലുവിളിയാകുമെന്നു മുൻകൂട്ടി കണ്ട് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗൗരവിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയർത്തിവരികയാണ്. ഗൗരവിന്റെ ബ്രിട്ടീഷ് പൗരത്വമുള്ള ഭാര്യ എലിസബത്തിന് പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസുമായി (ഐഎസ്ഐ) ബന്ധമുണ്ടെന്നു ആരോപിക്കുന്ന ഹിമന്ത വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിരുന്നു. അന്വേഷണത്തിന്റെ വിവരങ്ങൾ സെപ്റ്റംബർ 10ന് പുറത്തുവിടുമെന്നാണ് ആസാം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാൽ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടാൻ വെല്ലുവിളിച്ച ഗൗരവ് തനിക്കും ഭാര്യയ്ക്കുമെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജിവയ്ക്കുമോയെന്നും ചോദിക്കുന്നുണ്ട്.