ഷാൻ വധം: പ്രതികൾക്കു ജാമ്യം അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയിൽ
Tuesday, May 27, 2025 1:42 AM IST
ന്യൂഡൽഹി: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്കു ജാമ്യം അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയിൽ.
ഷാൻ വധക്കേസിൽ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ച പ്രതികൾ ഒട്ടേറെ ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരും രാഷ്ട്രീയവും സാമൂഹികവുമായി സ്വാധീനം ഉള്ളവരാണെന്നും കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്രതികൾ സമൂഹത്തിൽ ചുറ്റിത്തിരിയുന്നത് സമാധാന അന്തരീക്ഷത്തെ ബാധിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഷാൻ വധക്കേസിലെ ഒൻപതു പ്രതികൾക്ക് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ പ്രതികളായ അഭിമന്യു, അതുൽ, സനന്ദ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2021 ഡിസംബർ 18 ന് വൈകിട്ടായിരുന്നു എസ്ഡിപെിഎ നേതാവായിരുന്ന കെ.എസ്.ഷാൻ കൊല്ലപ്പെടുന്നത്.