കരുവന്നൂർ തട്ടിപ്പുകേസിൽ ഇഡി അന്തിമ കുറ്റപത്രം നല്കി
Tuesday, May 27, 2025 1:41 AM IST
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാതട്ടിപ്പ് കേസിൽ സിപിഎമ്മിനെയും പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തിമ കുറ്റപത്രം സമർപ്പിച്ചു.
മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി, സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരുൾപ്പെടെ പുതുതായി 27 പേർ പ്രതിപ്പട്ടികയിലുണ്ട്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 83 ആയി.
അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മല്‍ കുമാര്‍ മോഷെയാണ് കൊച്ചി കലൂരിലെ പിഎംഎൽഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സിപിഎം നേതാക്കളെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അന്തിമ കുറ്റപത്രം നൽകിയത്.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്ക് വഞ്ചനാപരമായ മാർഗങ്ങളിലൂടെ വായ്പകൾ നൽകിയെന്നും അതുവഴി വലിയ സാമ്പത്തികനഷ്ടം വരുത്തിയെന്നുമാണ് ഇഡി കേസ്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച്, ശരിയായ സെക്യൂരിറ്റി ഇല്ലാതെയുമാണ് വായ്പകൾ നൽകിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ബാങ്കുമായി ബന്ധപ്പെട്ടവർ ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കരുവന്നൂരിൽ 180 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയതായതാണ് ഇ ഡിയുടെ കണ്ടെത്തൽ. 128 കോടി രൂപയുടെ സ്വത്ത് പ്രതികളിൽനിന്ന് ഇഡി താത്കാലികമായി കണ്ടുകെട്ടിയിരുന്നു.
ആകെ പ്രതികൾ 83
അന്തിമ കുറ്റപത്രം സമർപ്പിച്ചതോടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ആകെ പ്രതികള്‍ 83 ആയി. മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി, സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവർക്കു പുറമെ, വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരം, പൊറത്തുശേരി നോർത്ത് ലോക്കൽ സെക്രട്ടറി എ.ആർ. പീതാംബരൻ, ലോക്കൽ സെക്രട്ടറിമാരായ എം.ബി. രാജു, കെ.സി. പ്രേമരാജൻ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
പാർട്ടി പ്രതിയായത് എങ്ങനെ?
കരുവന്നൂർ ബാങ്കിൽ ബാങ്കിന്റെ നടത്തിപ്പിൽ ഇടപെടുക, അന്യായമായി ലോൺ സമ്പാദിച്ച് ബാങ്കിനെ ചതിക്കാൻ പ്രതികൾക്ക് സഹായം ചെയ്തുകൊടുക്കുക, പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച പണം അറിവോടെ പങ്കു പറ്റുക, ആ പണം കറ പുരളാത്തതാണ് എന്നു തെറ്റിദ്ധരിപ്പിച്ചു ഭാവിയിൽ ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കുക, ശേഷം ആ പണം ഉപയോഗിച്ച് വസ്തു വാങ്ങുക തുടങ്ങിയ കുറ്റങ്ങളാണു സിപിഎം ചെയ്തിട്ടുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു.
ബാങ്ക് മാനേജർ ബിജു കരീം, സെക്രട്ടറി സുനിൽകുമാർ എന്നിവരുടെ മൊഴിയിൽ സിപിഎം നിയന്ത്രണത്തിലാണു ബാങ്ക് പ്രവർത്തിച്ചിരുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട ലോക്കൽ സെക്രട്ടറി എം.കെ. ബിജുവിന്റെ മൊഴിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് അനധികൃത വായ്പ അനുവദിച്ചെന്നും പറയുന്നു.