കൽക്കുണ്ട് പള്ളിക്കു സമീപം നരഭോജിക്കടുവ
Tuesday, May 27, 2025 1:03 AM IST
കരുവാരകുണ്ട് (മലപ്പുറം): കരുവാരകുണ്ട് കൽക്കുണ്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവ. ഭീതിയൊഴിയാതെ ഒരു പ്രദേശത്തെ ജനങ്ങൾ. ഇന്നലെ വൈകുന്നേരം 4.45ന് കൽകുണ്ട് സെന്റ് മേരീസ് പള്ളിക്കു സമീപം ആനത്താനം എസ്റ്റേറ്റിൽ നിന്ന് പുഴയിലൂടെ നീന്തി കടന്ന് സിടി എസ്റ്റേറ്റ് വഴി തുരുന്പോട ഭാഗത്തേക്കു കടുവ പോകുന്നതായിട്ടാണ് നാട്ടുകാർ കണ്ടത്.
ഇതോടെ അഞ്ചാം തവണയാണു നാട്ടുകാർ കടുവയെ നേരിൽ കാണുന്നത്. ഇവിടം നൂറുകണക്കിനു കുടുംബങ്ങൾ തിങ്ങി പ്പാർക്കുന്ന പ്രദേശം കൂടിയാണ്. ദൃശ്യം പുഴയിൽ കുളിക്കാനെത്തിയ യുവാക്കളിൽ ചിലരാണു പകർത്തിയത്.
സമൂഹമാധ്യമങ്ങളിൽ ദൃശ്യം വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ നാട്ടുകാർ സമീപവാസികൾക്കു മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ശനിയാഴ്ച കുണ്ടോട എസ്റ്റേറ്റിലെ തൊഴിലാളി കടുവയെ തൊട്ടടുത്തു കണ്ടിരുന്നു. വിവരം വനം വകുപ്പധികൃതരെ അറിയിച്ചതിനെത്തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധന നടത്തി പോയതല്ലാതെ തുടർന്നുള്ള രണ്ടു ദിവസം പ്രദേശത്തേക്ക് അവർ തിരിഞ്ഞുനോക്കിയില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. കടുവയെ കണ്ട വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകരും ദൗത്യസംഘവും കൽക്കുണ്ട് ഭാഗത്തേക്കെത്തി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 18ന് കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളി അബ്ദുൾ ഗഫൂറിനെ കടിച്ചുകൊന്ന കടുവയാണോ ഇതെന്ന് ജനങ്ങൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കേരള എസ്റ്റേറ്റ്, സുൽത്താന എസ്റ്റേറ്റ്, കുണ്ടോട ചൂളിമ്മൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ വച്ച് തൊഴിലാളികൾ കടുവയെ കണ്ടിരുന്നു. മഞ്ഞൾപാറ ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ പതിയുകയും ചെയ്തിരുന്നു.
കടുവയെ കണ്ട വിവരമറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലാണ്. വീടുകളിൽനിന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ആളുകൾ. കേരള എസ്റ്റേറ്റിനോടടുത്ത പ്രദേശം തന്നെയാണ് കൽക്കുണ്ട്. കടുവ സഞ്ചരിക്കുന്ന പ്രദേശങ്ങളധികവും ജനവാസ കേന്ദ്രങ്ങളോടു ചേർന്നുള്ള ഭാഗങ്ങളാണ്.