കൊല്ലത്തടിഞ്ഞത് 32 കണ്ടെയ്നറുകൾ
Tuesday, May 27, 2025 1:41 AM IST
കൊല്ലം: കൊച്ചി തീരത്തിനു സമീപം അറബിക്കടലില്‍ മുങ്ങിത്താഴ്ന്ന കപ്പലില്‍നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്നറുകള്‍ ജില്ലയുടെ വിവിധ തീരപ്രദേശങ്ങളിൽ അടിഞ്ഞു. ഒടുവിലത്തെ കണക്കുകൾ പ്രകാരം 32 കണ്ടെയ്നറുകളാണ് ജില്ലയിലെ വിവിധ തീരപ്രദേശങ്ങളില്‍ അടിഞ്ഞത്.
ഇതു കൂടാതെ തിരുമുല്ലവാരം അമ്പലത്തിനു തെക്കു പടിഞ്ഞാറ് ഭാഗത്ത് താഴ്ന്ന നിലയില്‍ രണ്ടെണ്ണമുണ്ട്. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സിഎഫ്എ ഗ്രൗണ്ടിനു സമീപം - രണ്ട്, ചവറ ഐആര്‍ഇ ഗസ്റ്റ് ഹൗസിനു സമീപം - രണ്ട്, നീണ്ടകര പുത്തന്‍തുറ ബേക്കറി ജംഗ്ഷന് - ഒന്ന്, നീണ്ടകര ഫൗണ്ടേഷന് ആശുപത്രിക്കുസമീപം - രണ്ട്, പരിമണം ലക്ഷം വീട് കോളനി - ഒന്ന്, പരിമണം ശിവ ഹോട്ടലിനു സമീപം - നാല്, നീണ്ടകര രോഹിണി ഗ്രാനൈറ്റിന് സമീപം - ഒന്ന്, ശക്തികുളങ്ങര പുലിമുട്ടിന് തെക്ക് - രണ്ട്, ശക്തികുളങ്ങര പള്ളിക്കു പടിഞ്ഞാറ് - 11, മരുത്തടി അമ്പലത്തിനു പടിഞ്ഞാറ് പണ്ടാരത്തോപ്പ് - ഒന്ന്, ശക്തികുളങ്ങര മത്സ്യഫെഡ് ഹാച്ചറിക്കു പടിഞ്ഞാറ് തെക്കും വടക്കും ഭാഗത്ത്- രണ്ട്, തിരുമുല്ലവാരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിന് പടിഞ്ഞാറ് - ഒന്ന്, കൊല്ലം ബീച്ചിന് തെക്ക് വെടിക്കുന്നു ഭാഗത്ത് - ഒന്ന്, എന്നിങ്ങനെയാണ് കണ്ടെയ്നറുകള്‍ കണ്ടെത്തിയത്. ശക്തികുളങ്ങര പള്ളിക്ക് പടിഞ്ഞാറുഭാഗത്ത് കണ്ടെത്തിയ മൂന്നുകണ്ടെയ്നറുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ആകെയെത്തിയ 32 കണ്ടെയ്നറുകളില്‍ നാലെണ്ണം ഒഴികെ ബാക്കിയെല്ലാം കാലിയായിരുന്നു. ചൈനീസ് നിര്‍മിത ഗ്രീന്‍ ടീ, വസ്ത്രങ്ങള്‍, ന്യൂസ് പ്രിന്റ്, ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള ഗ്ലാസുകള്‍ എന്നിവയായിരുന്നു ഈ കണ്ടയ്നറുകളില്‍ ഉണ്ടായിരുന്നത്.
കണ്ടെയ്നറുകളില്‍ മിക്കവയും തിരമാലകളിൽ തട്ടിത്തകര്‍ന്ന നിലയിലായിരുന്നു. കണ്ടെയ്നറുകളില്‍ നിന്ന് രാസവസ്തുക്കളോ, ഇന്ധനമോ കടലില്‍ കലര്‍ന്നെന്ന ആശങ്ക ശക്തമാണ്. കണ്ടെയ്നറിന് ഉള്ളിലുള്ള തെര്‍മോക്കോള്‍ മാലിന്യങ്ങള്‍ തീരത്താകെ വ്യാപിച്ചു കിടക്കുകയാണ്. ചില കണ്ടെയ്നറുകളിലുണ്ടായിരുന്ന ബണ്ടിലുകള്‍ പുറത്തേക്ക് ചിതറിയ നിലയിലായിരുന്നു. ഈ ബണ്ടിലുകളില്‍ കോട്ടണ്‍ ഉത്പന്നങ്ങളാണുണ്ടായിരുന്നത്.
ബണ്ടിലുകളില്‍ ‘സോഫി ടെക്സ് ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടലില്‍ ഒഴുകി നടന്ന കണ്ടെയ്നറുകള്‍ കയര്‍ കെട്ടി തീരത്തേക്ക് അടുപ്പിച്ചിട്ടുണ്ട്.
കണ്ടെയ്നറുകള്‍ കണ്ടെത്തിയ ഭാഗങ്ങളില്‍ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. കണ്ടെയ്നര്‍ നമ്പര്‍ പരിശോധിച്ചാല്‍ ഉള്ളില്‍ എന്താണുള്ളതെന്ന് വ്യക്തമാകുമെന്നും തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.