നിലന്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി
Tuesday, May 27, 2025 1:41 AM IST
നിലന്പൂർ: ചൂടേറിയ ചർച്ചകൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ നിലന്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചു. പി.വി. അൻവറിന്റെ സമ്മർദത്തിനു വഴങ്ങേണ്ടെന്ന യുഡിഎഫ് തീരുമാനം ഹൈക്കമാൻഡ് ശരിവയ്ക്കുകയായിരുന്നു.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെപിസിസി ഹൈക്കമാൻഡിനെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും വന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് തീരുമാനം അറിയിച്ചത്.
അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ആര്യാടൻ ഷൗക്കത്തിനെ മാറ്റേണ്ടെന്നായിരുന്നു നേതാക്കളുടെ തീരുമാനം. അതിനിടെ അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
സ്ഥാനാർഥി ലിസ്റ്റിലുണ്ടായിരുന്ന വി.എസ്. ജോയിയും ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് നിലപാടും ഷൗക്കത്തിന് അനുകൂലമായി. ഇതും അൻവറിനു തിരിച്ചടിയായി.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നീ രണ്ടു പേരുകളാണ് തുടക്കം മുതലേ കോണ്ഗ്രസ് പട്ടികയിലുണ്ടായിരുന്നത്. മുൻഗണന ആര്യാടൻ ഷൗക്കത്തിനായിരുന്നു.
നിലന്പൂരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിർത്തിയാണ് ആര്യാടൻ ഷൗക്കത്തിനു സീറ്റ് നൽകാൻ തീരുമാനിച്ചത്. നാലു തവണ മന്ത്രിയും എട്ട് തവണ എംഎൽഎയുമായ ആര്യാടൻ മുഹമ്മദിന്റെ ബന്ധങ്ങൾ മകനായ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയാകുന്നതിലൂടെ ലഭ്യമാകുമെന്നും കോണ്ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
2016-ൽ നിലന്പൂരിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ 11205 വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് പി.വി. അൻവറിനോട് പരാജയപ്പെട്ടിരുന്നു. 2021ൽ മത്സര രംഗത്ത് ഇറങ്ങിയിരുന്നില്ല. പി.വി. അൻവർ എംഎൽഎസ്ഥാനം രാജിവച്ചതോടെയാണ് നിലന്പൂരിൽ ഉപതെരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്.
രാഷ്ട്രീയത്തിനൊപ്പം സിനിമ, സാമൂഹിക, സാംസ്കാരിക ഭരണരംഗങ്ങളിൽ കഴിവ് തെളിയിച്ച ആളാണ് ആര്യാടൻ ഷൗക്കത്ത്. പതിനാലാം വയസിൽ നിലന്പൂർ മാനവേദൻ സ്കൂളിൽ കെഎസ്യുവിന്റെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തതോടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്.
കെഎസ്യു നിലന്പൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയ വേദി മലപ്പുറം ജില്ലാ പ്രസിഡന്റ് കെപിസിസി അംഗം, നിലന്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (2005-2010), നിലന്പൂർ നഗരസഭാ ചെയർമാൻ (2010-2015), രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധൻ ദേശീയ കണ്വീനർ, സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലന്പൂർ മാനവേദൻ സ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, മന്പാട് എംഇഎസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാലിക്കട്ട് സർവകലാശാലയിൽനിന്നു ജന്തുശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കി. ഭാര്യ: മുംതാസ് ബീഗം. മക്കൾ: ഡോ. ഒഷിൻ സാഗ, ഒലിൻ സാഗ, ഒവിൻ സാഗ. അമ്മ: പി.വി. മറിയം.