നിലന്പൂർ തിരിച്ചുപിടിക്കും: ആര്യാടൻ ഷൗക്കത്ത്
Tuesday, May 27, 2025 1:41 AM IST
നിലന്പൂർ: ഒരു പതിറ്റാണ്ടായി നിലന്പൂരിനു നഷ്ടം വന്ന സീറ്റ് ഇത്തവണ തിരിച്ചുപിടിച്ച് യുഡിഎഫ് കരുത്തു കാണിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്.
എഐസിസി ഔദ്യോഗികമായി നിലന്പൂരിലെ സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിനു പിന്നാലെ നിലന്പൂരിലെ വീട്ടിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കാൻ പാർട്ടി ഒരവസരം തന്നതിൽ സന്തോഷമുണ്ട്.
ഇത് വ്യക്തിപരമായി ലഭിച്ചതല്ല. നിലന്പൂരിലെയും മലപ്പുറം ജില്ലയിലെയും മുഴുവൻ യുഡിഎഫ് പ്രവർത്തകരുടെ പിന്തുണയിൽ ഐക്യത്തോടെ മത്സരിച്ച് വിജയം ഉറപ്പാക്കും. രണ്ടു തവണ കൈവിട്ടുപോയ നിലന്പൂർ സീറ്റ് തിരിച്ചുപിടിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
പിതാവ് ആര്യാടൻ മുഹമ്മദ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മുടങ്ങിക്കിടന്ന പ്രവർത്തനങ്ങൾ നടപ്പാക്കും. യുഡിഎഫിന്റെ സ്ഥാനാർഥി ആരായിരുന്നാലും വിജയിപ്പിക്കുമെന്ന് നേരത്തേതന്നെ പറഞ്ഞിരുന്നതാണ്. ഇതിനു വേണ്ട തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ കുറച്ചുനാളുകളായി നടത്തിവരുന്നുണ്ട്. ഇത്തവണ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും ഷൗക്കത്ത് പറഞ്ഞു.
സംസ്ഥാന, ദേശീയ നേതാക്കൾ തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുന്ന പ്രവർത്തനങ്ങളായിരിക്കും തന്റെ ഭാഗത്തുനിന്നുണ്ടാകുക. സാധാരണക്കാരുടെ പ്രശ്നങ്ങൾക്കു മുന്തിയ പരിഗണന നൽകുമെന്നും കഴിഞ്ഞ പ്രളയകാലങ്ങളിൽ സാധാരണക്കാർ നേരിട്ട ദുരന്തങ്ങൾക്കു പരിഹാരം കാണുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ നിലന്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വീട്ടിൽ യുഡിഎഫ് നേതാക്കളുടെയും പ്രവർത്തകരുടെയും ആരവമുയർന്നു. മണ്മറഞ്ഞ നേതാക്കളായ ആര്യാടൻ മുഹമ്മദ്, വി.വി. പ്രകാശ് എന്നിവർക്കും പ്രവർത്തകർ മുദ്രാവാക്യം ഉയർത്തി.