രാജ്യത്തിന്റെ വിദേശനയം മോദി അട്ടിമറിച്ചു: വി.ഡി. സതീശൻ
Tuesday, May 27, 2025 1:03 AM IST
കൊച്ചി: ലോകം മുഴുവൻ ആദരവോടെ കണ്ട ഇന്ത്യയുടെ വിദേശ നയം നരേന്ദ്രമോദി അട്ടിമറിച്ചെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
വനിതകളായ സൈനികരെ അപമാനിച്ച ആളുകള്‍ ഇപ്പോഴും മന്ത്രിയായി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈനികരോടുള്ള ആദരവിന്റെ ഭാഗമായി കെപിസിസി കൊച്ചിയിൽ സംഘടിപ്പിച്ച ജയ്ഹിന്ദ് സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.
ശാക്തിക ചേരികള്‍ ശക്തിപ്പെട്ടപ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു മുന്നോട്ടുവച്ച ചേരിചേരാ നയം ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചതാണ്. രാജ്യങ്ങള്‍ സമ്പത്ത് ജനങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി ഉപയോഗിക്കണമെന്ന് നെഹ്റു ലോകത്തോടു പറഞ്ഞു.
അന്നു ലോകം നെഹ്റുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തിരുന്നു. അമേരിക്കയുടെ ഏഴാം കപ്പല്പ്പടയെപ്പോലും വിറപ്പിച്ച പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നുവെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു, നെഹ്റു മുന്നോട്ടുവച്ചത് സമാധാനത്തിന്റെ വിദേശ നയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ പോരാടിയ എന്‍എസ്ജി കമാന്‍ഡര്‍ പി.വി. മനേഷിനെയും വിവിധ സേനാ വിഭാഗങ്ങളുടെ ഭാഗമായ സൈനികരെയും ആദരിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, വിംഗ് കമാന്‍ഡര്‍ അനുപമ ആചാര്യ, എക്സ് സര്‍വീസ്മെന്‍ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് കേണല്‍ രോഹിത് ചൗധരി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന് എംപി തുടങ്ങിയവര്‍ പങ്കെടുത്തു.