കെഎസ്ആർടിസി യിലെ ഇൻസ്പെക്ടർ സംവിധാനം അഴിച്ചു പണിയുന്നു
Tuesday, May 27, 2025 1:03 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഇൻസ്പെക്ടർ സംവിധാനം അഴിച്ചുപണിയുന്നു. ഇനി ഒരു യൂണിറ്റിൽ ഒരു ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ മാത്രം.
മറ്റുള്ള ഇൻസ്പെക്ടർമാരെ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറു(സിഎംഡി) ടെ സ്ക്വാഡിൽ ഉൾപ്പെടുത്തും. ജില്ലാ തലത്തിൽ ഒരു ഇൻസ്പെക്ടർ ഇൻ ചാർജിന്റെ കീഴിലായിരിക്കും ഇനി ഇൻസ്പെക്ടർമാർ പ്രവർത്തിക്കുന്നത്.
യൂണിറ്റുകളിലായിരുന്നു ഇൻസ്പെക്ടർമാരുടെ പ്രവർത്തനം. ലൈൻ ഇൻസ്പെക്ഷനും സർവീസും കാര്യക്ഷമമാക്കാനും വരുമാനച്ചോർച്ച തടയാനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ജില്ലാതലത്തിൽ 15 സ്ക്വാഡ് ടീമുകളാണ് രുപീകരിക്കുന്നത്. ഇവരുടെ ഡ്യൂട്ടി സിഎംഡിയുടെ ഓഫീസിൽ നിന്നും തയാറാക്കി ഇൻസ്പെക്ടർ ഇൻചാർജ് വഴി നടപ്പാക്കും.
യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറുടെ അഭാവത്തിൽ എടിഒ നിർദേശിക്കുന്ന ഒരാളെ സ്ക്വാഡിൽ നിന്നും വിട്ടുകൊടുക്കും. 15 ജില്ലാതല സ്ക്വാഡുകളിലേയ്ക്കായി 222 ഇൻസ്പെക്ടർമാരെയും യൂണിറ്റുകളിലേയ്ക്കായി 93ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർമാരെയും നിയോഗിച്ച് ഉത്തരവിറങ്ങി.