സംസ്ഥാനത്ത് അഞ്ചു വർഷത്തിനിടെ 21,875 പോക്സോ കേസുകൾ
Tuesday, May 27, 2025 1:03 AM IST
ജോയി കിഴക്കേൽ
തൊടുപുഴ: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കുട്ടികൾക്കു നേരേ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്തത് 21875 പോക്സോ കേസുകൾ. 2020 -3042, 2021 -3516, 2022 - 4518, 2023 - 4641, 2024 -4594 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ഈ വർഷം മാർച്ച് വരെ 1551 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞവർഷം തിരുവനന്തപുരം - 602, കൊല്ലം - 432, പത്തനംതിട്ട -178, ആലപ്പുഴ - 326, കോട്ടയം - 239, ഇടുക്കി - 227, എറണാകുളം -437, തൃശൂർ -362, പാലക്കാട് - 260, മലപ്പുറം - 504, കോഴിക്കോട് - 460, വയനാട് - 193, കണ്ണൂർ - 208, കാസർഗോഡ് - 155 എന്നിങ്ങനെയാണ് ജില്ലാ തിരിച്ചുള്ള കണക്ക്. ഇതിനു പുറമെ റെയിൽവേ പോലീസ് 13 കേസുകളും രജിസ്റ്റർ ചെയ്തു.
2024 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പോക്സോ കേസുകളിൽ മിക്ക കുറ്റകൃത്യങ്ങളും നടന്നത് കുട്ടികളുടെ വീടുകളിൽ വച്ചാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളയിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായവരാണ് ഏറെയും.
റിപ്പോർട്ട് ചെയ്ത കേസുകളിൽ പകുതിയോളം പേർ ചെറുപ്രായത്തിൽ തന്നെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്നാണ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ആണ്കുട്ടികൾക്കുനേരേ നടന്ന പീഡനങ്ങൾ സംബന്ധിച്ച കേസുകളും ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . 2015 നും 2020നും ഇടയിൽ 13184 പോക്സോ കേസുകൾ എടുത്തിരുന്നു. ഇതിൽ 2250 കേസുകൾ ആണ്കുട്ടികൾക്കുനേരേ നടന്ന പീഡനകേസുകളാണ്.
പീഡനങ്ങൾക്ക് വിധേയരാകുന്ന കുട്ടികളിൽ അമിതമായ ഭയം, ആകുലത, ഉൾവലിയൽ, കോപം, ദുഃഖം, വിഷാദ ലക്ഷണങ്ങൾ, ഉറക്കമില്ലായ്മ, ക്ഷീണം, ചെറിയ കാര്യങ്ങളിൽ പോലും പ്രകോപിതരാവുക, സന്തോഷകരമായ കാര്യങ്ങളിൽ പോലും താത്പര്യമില്ലായ്മ, ആത്മവിശ്വാസക്കുറവ്, വ്യക്തിത്വ വൈകല്യങ്ങൾ, വൈകാരിക സംഘർഷം, ആത്മഹത്യാപ്രവണത എന്നിവ അനുഭവപ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.