ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി പോലീസില്‍ കീഴടങ്ങി
Tuesday, May 27, 2025 1:03 AM IST
കൊച്ചി: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുന്‍ ഐബി ഉദ്യോഗസ്ഥന് മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷ് പോലീസില്‍ കീഴടങ്ങി. ഇന്നലെ രാവിലെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഇതേതുടര്‍ന്നാണ് ഒളിവിലായിരുന്ന പ്രതി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാത്രി ഒമ്പതോടെ തിരുവനന്തപുരം പേട്ട പോലീസ് കൊച്ചിയില്‍ എത്തി ഇയാളെ കസ്റ്റഡിലെടുത്ത് തിരികെപ്പോയി.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനു ശേഷം രണ്ടു മാസം ഇയാള്‍ ഒളിവിലായിരുന്നു. ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവച്ചു. കേസിന്റെ മുഴുവന്‍ വസ്തുതയും പുറത്തുവരണമെങ്കില്‍ ഹര്‍ജിക്കാരനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു. പ്രതി കീഴടങ്ങുന്നതാണ് ഉചിതമെന്നു നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഒളിവിലായിരുന്ന സുകാന്ത് പോലീസില്‍ ഇന്നലെ ഹാജരായത്.
താനുമായുള്ള വിവാഹത്തെ സ്വന്തം വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു സുകാന്തിന്റെ വാദം. സ്നേഹിതയെ നഷ്ടപ്പെട്ടതിനാല്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കോള്‍ റിക്കാർഡുകള്‍, ബാങ്ക്, മെഡിക്കല്‍ രേഖകള്‍, ഹര്‍ജിക്കാരനും യുവതിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്ന് വ്യത്യസ്ത ചിത്രമാണ് തെളിയുന്നതെന്ന് കോടതി പറഞ്ഞു.
പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവുമുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഐബി ഉദ്യോഗസ്ഥയെ ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് അലസിപ്പിക്കുകയുംചെയ്തു. ഇതിനായി വ്യാജ വിവാഹക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി യുവതിയെ ഒഴിവാക്കാന്‍ നോക്കി.
വിവാഹത്തിന് താത്പര്യമല്ലെന്ന് അവരുടെ അമ്മയ്ക്ക് സന്ദേശമയച്ചു. യുവതിയോട് മരിക്കാന്‍ നിര്‍ദ്ദേശിച്ച് സന്ദേശങ്ങള്‍ അയച്ചു. ആത്മഹത്യക്ക് തീയതി നിശ്ചയിക്കാന്‍ വരെ ആവശ്യപ്പെട്ടു. ഹര്ജിക്കാരന് യുവതിക്ക് മേല്‍ ആജ്ഞാശക്തിയുണ്ടായിരുന്നു.
അവരുടെ ശമ്പളം പൂര്‍ണമായും പ്രതി വാങ്ങിയെടുത്തു. അപ്പോളെല്ലാം മറ്റ് സ്ത്രീകളുമായി ഹര്ജിക്കാരന് സമാന്തര ബന്ധം തുടര്‍ന്നതായും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ നിര്‍ണായക തെളിവുകളായ വാട്സാപ്പ് ചാറ്റുകള്‍ ചോര്‍ന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് ഡയറി കോടതിയുടെ പക്കലിരിക്കേയാണ് ചാറ്റുകള്‍ പുറത്തുവന്നത്. ഇതില്‍ അന്വേഷണം വേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റമുള്‍പ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെ സുകാന്തിനെ ഐബിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.