കോഴിക്കോട്ടും ആലുവയിലും ചുഴലിക്കാറ്റ്; ട്രെയിൻ ഗതാഗതം താറുമാറായി
Tuesday, May 27, 2025 1:41 AM IST
കോഴിക്കോട്/ആലുവ: ഇന്നലെ യുണ്ടായ ശക്തമായ കാറ്റിൽ കോഴിക്കോട് അരീക്കാട്ടും ആലുവയിലും ട്രാക്കിലേക്ക് മരങ്ങൾ വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
നല്ലളം അരീക്കാട്ട് ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ജാംനഗര്‍ എക്സ്പ്രസ് സംഭവ സ്ഥലത്തേക്ക് എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു ട്രാ ക്കിലേക്ക് മരങ്ങൾ വീണത്. ഇതേത്തുടർന്ന് ട്രാക്കിലെ വൈദ്യുതി ബന്ധം തകര്‍ന്നതിനാല്‍ ട്രെയിന്‍ 200 മീറ്റര്‍ അകലെ നിന്നു.
ഇന്നലെ രാത്രി ഏഴിനാണ് ചുഴലിക്കാറ്റ് വീശിയത്. തടസത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം നിറുത്തിവച്ചു. രാത്രി 10 മണിയോടെ ഒരു ട്രാക്കിലെ തടസം നീക്കി ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
മംഗളൂരു-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് കടത്തിവിട്ടു. ജാംനഗര്‍ എക്സ്പ്രസ് അടക്കമുള്ള സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. ചുഴലിക്കാറ്റില്‍ അരീക്കാട്, മാത്തോട്ടം ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഈ പ്രദേശങ്ങളിലെ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പാറി റെയില്‍വേ ട്രാക്കിലാണ് വീണത്.
ആലുവ ചൂർണിക്കര അമ്പാട്ടുകാവിൽ മഴയൊടൊപ്പം വീശിയടിച്ച അതിശക്തമായ കാറ്റിൽ ദേശീയപാതയോരത്തെ കൂറ്റൻ ആൽമരം റെയിൽവേ ട്രാക്കിലേക്കു വീണു. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം.
ചാലക്കുടിയിൽ നിന്നു റെയിൽവേയുടെ എൻജിനിയറിംഗ് വിഭാഗം എത്തി രാത്രിയോടെതന്നെ മരം മുറിച്ച് നീക്കി. എറണാകുളത്തേക്കുള്ള ട്രെയിനുകൾ അങ്കമാലിയിൽ പിടിച്ചിട്ടു.