സൗദി ബാലന്റെ കൊലക്കേസില്‍ അബ്ദുള്‍ റഹീമിന് 20 വര്‍ഷം തടവ്
Tuesday, May 27, 2025 1:03 AM IST
കോഴിക്കോട്: സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ. ഇതുവരെ തടവില്‍ കഴിഞ്ഞ 19 വര്‍ഷം ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നതിനാല്‍ ഇനി ഒരു വര്‍ഷംകൂടി തടവ് അനുഭവിച്ചാല്‍ അബ്ദുൾ റഹീമിനു പുറത്തിറങ്ങാം.
റഹീം കേസില്‍ നിര്‍ണായകമായ വിധി ഇന്നലെ റിയാദ് ക്രിമിനല്‍ കോടതിയാണു പുറപ്പെടുവിച്ചത്. പൊതുഅവകാശ ആക്ട് പ്രകാരമാണ് കൊലക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്.
2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും. റിയാദിലെ ഇസ്കാന്‍ ജയിലിലാണു റഹീം കഴിയുന്നത്. ഓണ്‍ലൈന്‍ സിറ്റിംഗില്‍ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധിയും റഹീം കുടംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു. ആദ്യം റഹീമിനു വധശിക്ഷയാണ് കോടതി വിധിച്ചിരുന്നത്.
നിരന്തരമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ദയാധനം സ്വീകരിച്ച് അബ്ദുള്‍ റഹീമിനു മാപ്പു നല്കാന് സൗദി ബാലന്റെ കുടുംബം തയാറായതോടെയാണ് വധശിക്ഷ കോടതി ഒഴിവാക്കിയത്.
2006 നവംബറിലാണ് സൗദി ബാലന് അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ റഹീം അറസ്റ്റിലായത്. 2012ലാണ് വധശിക്ഷ വിധിച്ചത്. പ്രമുഖ വ്യവസായി ബോച്ചെ അടക്കമുള്ളവര്‍ മുന്‍കൈ എടുത്താണ് ദയാധനം സ്വരൂപിച്ചത്.