ഷൗക്കത്ത് കരുത്തനല്ലെന്ന് അൻവർ
Tuesday, May 27, 2025 1:41 AM IST
നിലന്പൂർ: നിലന്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരേ വീണ്ടും രൂക്ഷ വിമർശനമുയർത്തി പി.വി. അൻവർ.
പിണറായിസത്തെ പരാജയപ്പെടുത്താൻ നിലന്പൂരിൽ പ്രാപ്തനായ സ്ഥാനാർഥിയല്ല ആര്യാടൻ ഷൗക്കത്തെന്ന് അൻവർ പറഞ്ഞു. ""ആര്യാടൻ ഷൗക്കത്തിനെയും അദ്ദേഹത്തിന്റെ ജനസ്വാധീനവും ജനങ്ങൾക്കറിയാം.
സിപിഎമ്മുമായി രഹസ്യചർച്ച നടത്തിയ നേതാവാണ് ആര്യാടൻ ഷൗക്കത്ത്. വയനാട്ടിൽവച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുമായി അദ്ദേഹം ചർച്ച നടത്തിയത്. രണ്ടുവർഷത്തെ ആര്യാടൻ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഒരിക്കൽ പോലും എൽഡിഎഫ് സർക്കാരിനെ വിമർശിച്ചിട്ടില്ല’’ -അൻവർ പറഞ്ഞു.
""മലയോര കർഷകകുടുംബത്തിൽ പിറന്നതുകൊണ്ടും ഗോഡ്ഫാദറായി ആരും ഇല്ലാത്തതുമാണു വി.എസ്. ജോയിക്കു സീറ്റ് ലഭിക്കാതെ പോകാൻ കാരണം. യുഡിഎഫ് ആരെ നിർത്തിയാലും പിന്തുണയ്ക്കുമെന്നു പറഞ്ഞത് ജയസാധ്യതയുള്ള സ്ഥാനാർഥികളുടെ കാര്യത്തിലാണ്. മത്സരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി രണ്ടു ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി.