കരുവന്നൂർ കേസ്; ഇഡി നീക്കം ജനാധിപത്യ മര്യാദകളുടെ ലംഘനം: സിപിഎം
Tuesday, May 27, 2025 1:03 AM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കേ കരുവന്നൂർ ബാങ്ക് ക്രമക്കേടിന്റെ പേരിൽ സിപിഎമ്മിനെയും പാർട്ടിയുടെ സമുന്നത നേതാക്കളെയും വേട്ടയാനാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം ജനാധിപത്യ മര്യാദകളുടെ സർവപരിധികളും ലംഘിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംപി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരെ രാഷ്ട്രീയമായ ഗൂഢലക്ഷ്യത്തോടെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്.
പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവർ കരുവന്നൂർ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്. സർക്കാരിനൊപ്പം നിന്ന് അഴിമതിക്കാർക്കെതിരേ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ച് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സംവിധാനമുണ്ടാക്കുകയുമാണ് ഈ നേതാക്കൾ ചെയ്തത്.
ഇവർക്കെതിരായ കേസ് കോടതിയിൽ തള്ളിപ്പോകുമെന്ന് ഉറപ്പാണെന്നിരിക്കേ, ആർഎസ്എസ് താത്പര്യം സംരക്ഷിച്ച് പാർട്ടിയേയും നേതാക്കളെയും അധിക്ഷേപിക്കാനാണ് പ്രതിപ്പട്ടികയിൽ പേര് ചേർത്തതെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.