മഴ തകർത്തത് 4,651 ഹെക്ടർ കൃഷി ; നഷ്ടം 100 കോടി കടന്നു
Tuesday, May 27, 2025 1:41 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിശക്തമായ മഴയിൽ വൻ കൃഷി നാശം. 4,651. 17 ഹെക്ടർ സ്ഥലത്തെ കാർഷികവിളകൾക്കാണ് പൂർണമായോ ഭാഗികമായോ നാശമുണ്ടായിട്ടുള്ളത്. ഇതിലൂടെ 102.89 കോടിയുടെ നഷ്ടമുണ്ടായി. 28,672 കർഷകരുടെ കാർഷികവിളകളാണ് പെരുമഴ തകർത്തെറിഞ്ഞത്.
കനത്ത മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ ഏറ്റവുമധികം നാശമുണ്ടായത് വാഴക്കൃഷിക്കാണ്. വിളവെടുപ്പിനു പാകമായതും കുലച്ചതുമായ വാഴക്കൃഷിക്ക് വൻ വിളനാശമാണുണ്ടായത്.
ഈ മാസം 23 മുതൽ ഇന്നലെ വരെയുള്ള കൃഷിവകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 3020. 58 ഹെക്ടർ സ്ഥലത്തെ കുലയ്ക്കാറായ 4,21,892 വാഴകൾ നശിച്ചപ്പോൾ 12,39,780 കുലച്ച വാഴകളും നശിച്ചു. 183 ഹെക്ടർ സ്ഥലത്തെ നെൽക്കൃ ഷിക്കാണ് നാശമുണ്ടായത്.
ശക്തമായ കാറ്റിൽ 11,010 ടാപ്പ് ചെയ്യുന്ന റബർ മരങ്ങൾ കടപുഴകി വീണപ്പോൾ 6,623 റബർ തൈകൾക്കും നാശമുണ്ടായി. 58 ഹെക്ടർ സ്ഥലത്തെ പച്ചക്കറികൾക്കും 15.85 ഹെക്ടർ സ്ഥലത്തെ ഏലക്കൃഷിക്കും നാശമുണ്ടായി. കുരുമുളക്, കശുവണ്ടി, കൊക്കോ, ഇഞ്ചി, ജാതി, കമുക് തുടങ്ങിയവയ്ക്കും നാശമുണ്ടായി.
സംസ്ഥാനത്ത് ഏറ്റവുമധികം കൃഷിനാശം റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. 2,636 ഹെക്ടർ സ്ഥലത്താണ് മലപ്പുറത്ത് കൃഷി നശിച്ചത്. ഇവിടെയുണ്ടായ കൃഷിനാശം ഏഴുകോടി രൂപയിലധികമാണ്. തിരുവനന്തപുരത്ത് 617 ഹെക്ടർ സ്ഥലത്ത് 43.72 കോടിയുടെ കൃഷിനാശമാണ് ഇന്നലെ ഉച്ചവരെ കണക്കാക്കിയിട്ടുള്ളത്. വയനാട്ടിൽ 95 ഹെക്ടർ സ്ഥലത്തായി 12.97 കോടിയുടെ നഷ്ടവും കണക്കാക്കുന്നു.
തൃശൂരിൽ 8.86 കോടിയുടെയും കോഴിക്കോട് 3.37 കോടിയുടെയും കൊല്ലത്ത് അഞ്ചു കോടിയുടെയും കോട്ടയത്ത് രണ്ടു കോടിയുടെയും ആലപ്പുഴയിൽ 1.38 കോടിയുടേയും നാശമാണുണ്ടായത്.
കണ്ണൂർ- 3.57, എറണാകുളം 3.95 കോടി, കാസർഗോഡ്-1.19 , പാലക്കാട്-1.90 കോടി വീതവും ഇടുക്കി 49 ലക്ഷം പത്തനംതിട്ട-87 ലക്ഷം എന്നിങ്ങനെയുമാണ് മറ്റു ജില്ലകളിലുണ്ടായ കൃഷിനാശത്തിന്റെ കണക്ക്.