ഡ്രൈവിംഗിനിടെ ഫോണിൽ സംസാരം; സ്വിഫ്റ്റ് ഡ്രൈവർക്കു സസ്പെന്ഷൻ
Tuesday, May 27, 2025 1:41 AM IST
ചാത്തന്നൂർ: ഡ്രൈവിംഗിനിടെ ഫോൺ സംഭാഷണം നടത്തിയ കെ- സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽനിന്നും 24ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ് 25നു രാവിലെ താമരശേരി ചുരം കയറുമ്പോൾ ബസിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്തത് ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപമെന്നു കണ്ടെത്തുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെയാണ് സസ്പെൻഡ് ചെയ്തത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും നിരുത്തരവാദപരമായ പ്രവൃത്തികൾ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷം കുറ്റക്കാർക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഎംഡി മുന്നറിയിപ്പു നല്കി.