കുരിശ് സ്ഥാപിച്ച സംഭവത്തിൽ നോട്ടീസ് നൽകി വനംവകുപ്പ്
Tuesday, May 27, 2025 1:03 AM IST
തൊടുപുഴ: തൊമ്മൻകുത്ത് നാരങ്ങാനത്ത് കൈവശഭൂമിയിൽ കുരിശ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസിൽ നോട്ടീസുമായി വനംവകുപ്പ് രംഗത്ത്.
കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും മൊഴിരേഖപ്പെടുത്തുന്നതിനുമായി നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച്ഓഫീസർ ടി.കെ.മനോജിന്റെ മുന്പാകെ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഇന്നലെ ഫോറസ്റ്റ് ഗാർഡുമാർ വീടുകളിൽ നേരിട്ടെത്തിയാണ് പലർക്കും നോട്ടീസ് നൽകിയത്.ഭാരതീയ നാഗരിക് സുരക്ഷ സൻഹിത 2023 സെക്ഷൻ 179 (1) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു നോട്ടീസിൽ പറയുന്നു. ഈ മാസം 16നാണ് നോട്ടീസ് പുറപ്പെടുവിച്ചതെങ്കിലും ഇന്നലെയാണ് വീടുകളിലെത്തി കൈമാറിയത്.
വനംവകുപ്പ് കുരിശ് നശിപ്പിച്ച ശേഷം കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെ അന്നു കേസെടുത്തിരുന്നു. എന്നാൽ ഇതുവരെ ആർക്കും നോട്ടീസ് നൽകുകയോ കേസുമായി മുന്നോട്ടുപോകുകയോ ചെയ്തിരുന്നില്ല. കുരിശ് നശിപ്പിച്ച സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ഉൾപ്പെടെ അന്വേഷണം ആവശ്യപ്പെട്ട്
മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നീട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കൈമാറിയിരുന്നു. കളക്ടറുടെ നിർദേശാനുസരണം തൊടുപുഴ തഹസിൽദാർ കുരിശ് സ്ഥാപിച്ച സ്ഥലത്തെത്തി പരിശോധന നടത്തുകയും ജനവാസ മേഖലയിലാണ് കുരിശ് നിന്നിരുന്നതെന്നു ഡെപ്യൂട്ടി കളക്ടർ മുന്പാകെ നടന്ന ഹിയറിംഗിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതു വനംവകുപ്പിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസുമായി രംഗത്തെത്തിയിരിക്കുന്നത്.
കുരിശ് പിഴുതെറിഞ്ഞ വനംവകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് മുറ്റത്ത് കുരിശ്സ്ഥാപിച്ച് വിശ്വാസികൾ പ്രതിഷേധിച്ചതിനു പുറമേ കഴിഞ്ഞ ദിവസം ഇതരമതസ്ഥരും കുരിശ്സ്ഥാപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതും വനംവകുപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് നാട്ടുകാർക്കെതിരെയുള്ള കേസ് ശക്തമാക്കാൻ വനംവകുപ്പിന്റെ നീക്കമെന്നും സംശയമുയർന്നിട്ടുണ്ട്.
അതേ സമയം വനംവകുപ്പിനും സർക്കാരിനുമെതിരേ പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷധമാണുയരുന്നത്. കർഷകരെ ശത്രുക്കളായി കാണുന്ന വനംവകുപ്പിനെ നിലയ്ക്കുനിർത്തുന്ന കാര്യത്തിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം.
അടിയന്തര യോഗം വിളിക്കണമെന്ന് വനസംരക്ഷണ സമിതി
വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകദ്രോഹ നടപടികൾ തുടരുന്ന സാഹചര്യത്തിൽ ഡിഎഫ്ഒയുടെയും സിസിഎഫിന്റെയും സാന്നിധ്യത്തിൽ അടിയന്തരമായി വനസംരക്ഷണ സമിതിയുടെ പൊതുയോഗം വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് വനസംരക്ഷണസമിതി സെക്രട്ടറിക്ക് കത്ത് നൽകും. തൊമ്മൻകുത്ത് വനസംരക്ഷണ സമിതി നിലവിൽ വന്നതിനുശേഷം വനംവകുപ്പ് കർഷക ദ്രോഹ നടപടികളുമായി മുന്നോട്ടുപോകുകയാണ്.
പുനർകൃഷി ചെയ്യുന്ന കർഷകർക്കെതിരേ കേസെടുക്കുക, വീടിനു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിക്കാൻ അനുമതി തേടുന്പോൾ കുടിയിറങ്ങാൻ ആവശ്യപ്പെടുക, പട്ടയഭൂമിയിലെ മരം മുറിക്കുന്നതിനു കേസെടുക്കുക തുടങ്ങിയ ദ്രോഹ നടപടികളാണ് 2023നു ശേഷം വനസംരക്ഷണ സമിതിയംഗങ്ങളുടെ പേരിൽ നടത്തിയിട്ടുള്ളത്.
തൊമ്മൻകുത്ത് വനസംരക്ഷണസമിതി ഉൾപ്പെടുന്ന പ്രദേശം കാളിയാർ റേഞ്ച് ഓഫീസ് പരിധിയിലാണ്. 250-ഓളം അംഗങ്ങളാണ് ഇതിലുള്ളത്. അംഗങ്ങളുടെ മൂന്നിലൊന്നുപേർ ഒപ്പിട്ടുകത്ത് നൽകിയാൽ പൊതുയോഗം വിളിച്ചുചേർക്കണമെന്നാണ് നിയമം. ഇതിനുസരിച്ചാണ് ബൈലോ ആർട്ടിക്കിൾ 7(1) പ്രകാരം അംഗങ്ങൾ കത്ത് നൽകാൻ തീരുമാനിച്ചത്.