ദേശീയപാത നിർമാണത്തിൽ അപാകതയെന്ന് വിദഗ്ധര്‍
Tuesday, May 27, 2025 1:03 AM IST
പയ്യന്നൂര്‍: കണ്ടോത്ത് പെരുമ്പ ബൈപാസ് റോഡില്‍ വിണ്ടുകീറലുണ്ടായ സംഭവത്തില്‍ ആശങ്കവേണ്ടെന്നും ഇത് അപകടത്തിന് കാരണമാകില്ലെന്നും കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍.
റോഡിന്റെ ഇരുവശങ്ങളിലും ശക്തമായ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച ശേഷമാണ് ഉള്ളില്‍ ചരൽമണ്ണ് നിറച്ചതെന്നും ഇപ്പോഴത്തെ ടാറിംഗിന് മുകളില്‍ വീണ്ടും ടാറിംഗ് നടത്താനുണ്ടെന്നും ഇപ്പോഴത്തെ വിണ്ടുകീറല്‍ അപകട കാരണമാകില്ലെന്നുമാണ് ഇവര്‍ നല്കുന്ന വിശദീകരണം. സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് നിര്‍മാണ കമ്പനി പ്രതിനിധികളുടെ ഈ വിശദീകരണം.
അതേസമയം, നിര്‍മാണത്തിലെ അപാകതയാണ് സംഭവത്തിനു കാരണമായി സിവില്‍ എൻജിനിയറിംഗ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവര്‍ നല്‍കുന്നത്.
ചതുപ്പുനിലത്തെ നിര്‍മാണത്തിലെ അപാകതകളാണ് വിണ്ടുകീറലിനു കാരണമായി പരിചയ സമ്പന്നരായ സിവില്‍ എൻജിനിയര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഹൊറിസോണ്ടല്‍ ക്രാക്ക് എന്നുപറയുന്ന വിണ്ടുകീറലിനു സംരക്ഷണഭിത്തി ഉറയ്ക്കാതിരിക്കുന്നതും ഇതിന്റെ അടിയിലൂടെ മണ്ണ് ഒഴുകിപ്പോകുന്നതും കാരണമാകാമെന്ന് ഇവര്‍ പറയുന്നു.
ചതുപ്പുനിലമായതിനാല്‍ അകത്തെ മര്‍ദ്ദം കാരണം പാര്‍ശ്വ ഭിത്തി പുറത്തേക്കു ചരിയുന്നതും പ്രധാന കാരണമാകാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഭൂമിയുടെ പ്രത്യേകത കണക്കിലെടുക്കാതെ ചതുപ്പ് നിലത്തെചെളിയില് കോണ്‍ക്രീറ്റ് പ്രവൃത്തി ചെയ്തത് ഇതിനു കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഉയര്‍ത്താനുപയോഗിക്കുന്ന മണ്ണിന്റെ ഗുണനിലവാരം പ്രധാന ഘടകമാണെന്നും ഉപ്പുരസമുള്ള സ്ഥലത്ത് ഗുണനിലവാരം കുറഞ്ഞ മണ്ണ് പെട്ടെന്ന് ദ്രവിച്ചുപോകുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യമിടുന്ന മണ്ണ് നന്നായി ഉറപ്പിച്ച് അതിനു മുകളില്‍ ഇത്തരത്തിലുള്ള ആവര്‍ത്തനങ്ങളിലൂടെ അടുക്കുകളായി ഉറപ്പിക്കപ്പെടുന്നതിനു പകരം ലോഡുകണക്കിനു മണ്ണ് ഒന്നിച്ചിട്ട് ഉറപ്പിച്ചാണ് ഈ പ്രദേശങ്ങളില്‍ റോഡ് നിര്‍മാണം നടത്തിയിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.
ബൈപാസ് റോഡിലെ കാപ്പാട്-പെരുമ്പ പാലത്തിന്റെ നിര്‍മിതിക്ക് ഉപ്പിനെയും കാലാവസ്ഥാ വ്യതിയാനങ്ങളേയും പ്രതിരോധിക്കുന്ന ട്രീറ്റഡ് സ്റ്റീല്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയിലും പാലത്തിന്റെ കോണ്‍ക്രീറ്റിനു മണ്ണുമായി ബന്ധം പാടില്ലെന്ന നിബന്ധനയിലും വെള്ളം ചേര്‍ത്തതായും ചില വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.