ഫാമുകളിൽ ആധുനിക സജ്ജീകരണങ്ങൾ കൊണ്ടുവരും: മന്ത്രി ജെ. ചിഞ്ചുറാണി
Tuesday, May 27, 2025 1:03 AM IST
കണ്ണൂർ: സംസ്ഥാനത്തെ ഫാമുകളിൽ കൂടുതൽ നൂതന സജ്ജീകരണങ്ങൾ കൊണ്ടുവരുമെന്നും ആധുനിക രീതിയിലുള്ള ഷെഡുകൾ നിർമിച്ച് കോഴി ഫാമുകൾ വിപുലീകരിക്കുമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിലെ കാമ്പസ് റോഡും പൗൾട്രി സിക് ഷെഡും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോഴി, കാട, താറാവ് ഉൾപ്പെടെയുള്ള അസുഖബാധിതരായ പക്ഷികളെ മാറ്റിപ്പാർപ്പിക്കുന്നതിന് സിക്ക് ബൗണ്ടറി റൂമുകൾ ഉണ്ടാക്കും. സംസ്ഥാനത്തെ പന്നിഫാമുകളിൽ പുതിയ ഇനം പന്നികളെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പടർന്നുപിടിച്ച പക്ഷിപ്പനി, പന്നിപ്പനി എന്നിവ മൂലം ഉണ്ടായ നഷ്ടത്തിൽ കർഷകർക്കു നഷ്ടപരിഹാരം നൽകേണ്ടതിന്റെ 60 ശതമാനം ഫണ്ട് കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. കഴിഞ്ഞ രണ്ടു വർഷമായിട്ടും അത് ലഭ്യമാക്കിയില്ല. പക്ഷേ കേരളം അത് കർഷകർക്ക് കൊടുത്തു.
ബാക്കിയുള്ള 20 ശതമാനം തുക എത്രയും പെട്ടെന്ന് നല്കുമെന്നും മന്ത്രി പറഞ്ഞു. മുണ്ടയാട് ഫാമിലെ രോഗം വന്ന കോഴികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി നിർമിച്ച പൗൾട്രി സിക്ക് ഷെഡ് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചിട്ടുള്ളത്.
ഫാമിന്റെ ആവശ്യങ്ങൾക്കായി വരുന്ന വാഹനങ്ങൾക്കും ഫീഡ് റൂം ഷെഡുകൾ, ഹാച്ചറി എന്നിവയേയും ബന്ധിപ്പിച്ചാണ് കാമ്പസ് റോഡ് നിർമിച്ചത്.