“നിയമപരമായും രാഷ്ട്രീയമായും നേരിടും”
Tuesday, May 27, 2025 1:03 AM IST
തൃശൂർ: അനീതി നിറഞ്ഞതും രാഷ്ട്രീയപ്രേരിതവുമായ കുറ്റപത്രമാണു കരുവന്നൂർകേസിൽ ഇഡി കോടതിയിൽ സമർപ്പിച്ചിട്ടുള്ളതെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
കേന്ദ്ര ഭരണകക്ഷിയുടെ താത്പര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിന്റെ ഭാഗമായാണു കുറ്റപത്രത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്നവരെ ഉൾപ്പെടുത്തിയത്.
ദീർഘകാല രാഷ്ട്രീയപാരമ്പര്യമുള്ള നേതാക്കളാണ് അന്യായമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർ. അഴിമതിക്കും തെറ്റായ പ്രവണതകൾക്കും എതിരേ ജീവിതംകൊണ്ടു പോരാടിയവരെ അഴിമതിനിറഞ്ഞ ഒരു കേന്ദ്ര ഏജൻസി കരിയടിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്.
കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലിക്കേസിൽപെട്ട് ജനസമക്ഷം അവഹേളിതമായിരിക്കുന്ന സമയത്തു വാർത്തകൾ വഴിതിരിച്ചുവിടാനുള്ള ആസൂത്രിതശ്രമംകൂടിയാണ് ഇപ്പോഴത്തെ കുറ്റപത്രം.
കൊടകരയിൽ ബിജെപി ഇറക്കിയ 34 കോടിയുടെ കുഴൽപ്പണക്കേസിന്റെ കുറ്റപത്രത്തിൽ ബിജെപിയെ ഒഴിവാക്കിയ അതേ ഉദ്യോഗസ്ഥരാണ് ഇപ്പോൾ നീതിയെ ബലികഴിക്കുന്ന റിപ്പോർട്ട് നൽകിയിട്ടുള്ളതെന്നും കെ.വി. അബ്ദുൾ ഖാദർ പത്രക്കുറിപ്പിൽ പറഞ്ഞു.