കാലവർഷം വളരെ നേരത്തേ
Tuesday, May 27, 2025 1:41 AM IST
ന്യൂഡൽഹി: പതിവിനും രണ്ടാഴ്ച മുന്‍പേ ഇത്തവണ മുംബൈയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
1950നുശേഷം ആദ്യമായാണു കാലവർഷം 16 ദിവസം മുന്‍പേ മഹാരാഷ്ട്രയിൽ എത്തുന്നത്. സാധാരണയായി ജൂൺ ഒന്നോടെ കേരളത്തിൽ പ്രത്യക്ഷപ്പെടുന്ന കാലവർഷം എട്ടാംതീയതിയോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കു നീങ്ങും.
പതിനൊന്നാം തീയതിയോടെ മുംബൈയിലും എത്തുന്നതാണ് പതിവ്. 1950 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 16 ദിവസം മുന്‍പാണ് ഇത്തവണ മുംബൈയിൽ കാലവർഷം ലഭ്യമാകുക എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇതിനു മുന്നോടിയായി മുംബൈയിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ രാവിലെ വരെ മണിക്കൂറുകളോളം പെയ്ത പേമാരി നഗരത്തെ നിശ്ചലമാക്കി. താഴ്ന്ന പ്രദേശങ്ങൾ വെള്ളിത്തിനടിയിലായതിനു പുറമേ ഗതാഗതത്തെയും സാരമായി ബാധിച്ചു. രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെ ഇതോടെ തടസപ്പെട്ടു.
ഇന്നലെ രാവിലെ ആറുമുതലുള്ള ഒരു മണിക്കൂറിൽ നരിമാന് പോയിന്റിൽ ലഭിച്ചത് 40 മില്ലിമീറ്റർ മഴയാണ്. നിര്‍ത്താതെ പെയ്ത മഴയില്‍ നിരവധിയിടങ്ങളിൽ റെയില്‍വേ ട്രാക്കിൽ വെള്ളം കയറി.
മഴ തുടരും; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: നാല് ദിവസംകൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗത്തും അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.