ധിക്കാരം തുടർന്നാൽ പരാജയപ്പെടുത്തും; അന്‍വറിനെതിരേ ഒളിയന്പുമായി വി.ടി.ബല്‍റാം
Tuesday, May 27, 2025 1:44 PM IST
തിരുവനന്തപുരം: പി.വി.അന്‍വറിന്റെ ഭീഷണിക്ക് യുഡിഎഫ് വഴങ്ങില്ലെന്ന് സൂചിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം. അൻവറിന്റെ പേര് പറയാതെയാണ് ബൽറാമിന്റെ പോസ്റ്റ്.
അയാൾ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ അയാളെ കൂടെ നിർത്തിക്കൊണ്ട്, അയാൾ തൻപോരിമയും ധിക്കാരവും തുടരുകയാണെങ്കിൽ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്, നിലമ്പൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുമെന്ന് പോസ്റ്റിൽ പറയുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന് മേല്‍ അൻവർ സമ്മർദം തുടരുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷി ആക്കിയില്ലെങ്കില്‍ അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് തൃണമൂല്‍ നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ യുഡിഎഫ് തീരുമാനം അറിയിക്കണമെന്നും തൃണമൂലിന്റെ നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.എ.സുകു അറിയിച്ചു. അന്‍വറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടി നേതൃത്വം മാധ്യമങ്ങളെ കണ്ടത്.