അങ്കമാലി - ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനം; കേന്ദ്ര സംഘം കേരളത്തിലെത്തും
Tuesday, June 3, 2025 3:03 PM IST
ന്യൂഡൽഹി: അങ്കമാലി - ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി കേന്ദ്ര വിദഗ്ധസംഘം ഈ മാസം തന്നെ കേരളത്തില്‍ എത്തും. ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിയുമായി ഡല്‍ഹിയിലെ റെയില്‍ ഭവനില്‍വച്ച് നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രി അബ്ദുറഹ്മാന്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് തുടങ്ങിയവരും പങ്കെടുത്തു.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലായി ഇ.ശ്രീധരന് നിര്‍ദേശിച്ച സെമി ഹൈസ്പീഡ് പാത പരിഗണനയിലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. ഇ.ശ്രീധരന് ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രിയെ കാണും. അതിന് ശേഷം ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്രം കേരളത്തെ ഔദ്യോഗികമായി അറിയിക്കും.