താഹാവൂർ റാണയ്ക്ക് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ കോടതി അനുമതി
Monday, June 9, 2025 4:24 PM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ ഹുസൈൻ റാണയ്ക്ക് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ അനുമതി നൽകി കോടതി. ഫോണിൽ കൂടി സംസാരിക്കാനാണ് അനുമതി.
ജയിൽ ചട്ടങ്ങൾക്കനുസൃതമായും തിഹാർ ജയിൽ അധികൃതരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലുമാണ് സംസാരിക്കേണ്ടതെന്ന് പട്യാല ഹൗസ് കോടതി അറിയിച്ചു.
കഴിഞ്ഞ മാസം റാണ കോടതിയെ സമീപിച്ചതിനെത്തുടർന്ന്, ഒരു പ്രാവശ്യം ഫോണിൽ സംസാരിക്കുന്നതിന് എതിർപ്പില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചിരുന്നു.
ജയിൽചട്ട പ്രകാരം ഭാവിയിൽ റാണയ്ക്ക് പതിവായി ഫോൺ വിളിക്കാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ ജയിൽ അധികൃതരുടെ നിലപാട് എന്താണെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്.
ഇതിനുപുറമെ, റാണയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.