"വിദേശ പതാകകൾ വഹിച്ച കലാപകാരികൾ': പ്രക്ഷോഭം ദേശീയസുരക്ഷയ്ക്ക് ഭീഷണിയെന്ന് ട്രംപ്
Wednesday, June 11, 2025 9:55 AM IST
നോർത്ത് കാരളൈന: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരേ ലൊസാഞ്ചലസിൽ അരങ്ങേറുന്ന ശക്തമായ പ്രക്ഷോഭത്തെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വിദേശ പതാകകൾ വഹിച്ച കലാപകാരികൾ സമാധാനത്തിനും, പൊതുക്രമത്തിനും, ദേശീയ പരമാധികാരത്തിനും എതിരെ നടത്തുന്ന പൂർണമായ ആക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് സേനയുടെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നോർത്ത് കാരളൈനയിൽ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെഡറൽ സ്വത്തുക്കളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണ്. കലിഫോർണിയയുടെ ഡെമോക്രാറ്റിക് സർക്കാർ ഈ നീക്കം അധികാര ദുരുപയോഗവും ആവശ്യമില്ലാത്ത പ്രകോപനവുമാണെന്ന് പറയുന്നു. ഈ സേവനാംഗങ്ങൾ കാലിഫോർണിയയിലെ സത്യസന്ധരായ പൗരന്മാരെ മാത്രമല്ല, നമ്മുടെ രാജ്യത്തെ തന്നെയും സംരക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
സൈന്യത്തെ വിന്യസിച്ചില്ലായിരുന്നെങ്കിൽ നഗരം പൂർണമായും നശിപ്പിക്കപ്പെടുമായിരുന്നെന്നാണ് ട്രംപ് പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോസ് ആഞ്ചലസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) നടത്തുന്ന റെയ്ഡുകൾക്കെതിരേ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.
2,000 നാഷണൽ ഗാർഡ്സിനെയും 700 മറീൻ കോറിനെയുമാണ് ലോസ് ആഞ്ചലസ് നഗരത്തിൽ ഇറക്കുന്നത്. ഇതിനോടകംതന്നെ 2,000 നാഷണൽ ഗാർഡ്സിനെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ സൈനിക വിന്യാസത്തിൽ കലിഫോർണിയ ഇടഞ്ഞു. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ലോസ് ആഞ്ചലസിൽ നാഷണൽ ഗാർഡിനെ വിന്യസിച്ച ട്രംപിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്.
സൈനിക നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്ദ ഫെഡറൽ സർക്കാരിനെതിരേ കേസ് ഫയൽ ചെയ്തു. സംസ്ഥാനത്തിന്റെ പരമാധികാരം ട്രംപ് ചവിട്ടിമെതിച്ചെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ അധികാരദുർവിനയോഗം നിസാരമായി കാണുന്നില്ലെന്ന് ബോന്ദ കൂട്ടിച്ചേർത്തു. ട്രംപിനെതിരേ കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
പ്രസിഡന്റിന്റെ ഗർവാണ് സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ന്യൂസം പറഞ്ഞു. ഇത് പൊതുസുരക്ഷയെ ലാക്കാക്കിയല്ല. പ്രസിഡന്റിന്റെ അപകടരമായ ഗർവാണു നടപടിക്കു പിന്നിൽ. ഇത് വീണ്ടുവിചാരമില്ലാത്തതും സൈനികരോടുള്ള അനാദരവുമാണെന്നും എക്സ് പോസ്റ്റിൽ ഗവർണർ പറഞ്ഞു.
സഹായം ആവശ്യമില്ലെന്ന് പറഞ്ഞിട്ടും സൈനികരെ വിന്യസിച്ച ട്രംപ് പൊതുസുരക്ഷയെ അപകടത്തിലാക്കുകയാണെന്ന് ലോസ് ആഞ്ചലസ് മേയർ കരേൻ ബാസ് പറഞ്ഞു.
സൈന്യത്തെ വിന്യസിച്ചതു വെല്ലുവിളി സൃഷ്ടിക്കുമെന്ന് പോലീസ് മേധാവി ജിം മക്ഡൊണൽ പ്രസ്താവനയിൽ പറഞ്ഞു. പ്രക്ഷോഭം കൈകാര്യം ചെയ്യാൻ പോലീസിന് കഴിവുണ്ട്. പോലീസുമായി സഹകരിക്കാതെയുള്ള സൈന്യത്തിന്റെ പ്രവർത്തനം വെല്ലുവിളി സൃഷ്ടിക്കുമെന്ന് പോലീസ് മേധാവി പറയുന്നു.