മഅദനിയെ പോലെ പീഡിപ്പിക്കപ്പെട്ട നേതാവില്ല; ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ
Wednesday, June 11, 2025 9:56 AM IST
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ പലപ്പോഴും സ്ഥാനാർഥികളെ നോക്കി അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു.
പിഡിപി പീഡിപ്പിക്കപ്പെട്ടവരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും ഗോവിന്ദൻ പറഞ്ഞു. പൂര്‍വകാല ചരിത്രം നോക്കിയാല്‍ മഅദനി തീവ്രവാദ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ല. ഇപ്പോള്‍ ആ പാരമ്പര്യം വച്ച് അളക്കേണ്ടതില്ല.
മഅദനി ഭരണവര്‍ഗത്തിന്റെ കടന്നാക്രമണത്തിന് വിധേയനായ ആളാണ്. അദ്ദേഹത്തെപ്പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.