ഇഡി കൈക്കൂലി കേസ്: മറുപടി നൽകാൻ കൂടുതൽ സമയം ചോദിച്ച് സർക്കാർ, വിമർശിച്ച് ഹൈക്കോടതി
Wednesday, June 11, 2025 2:11 PM IST
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മറുപടി നല്കാന് കൂടുതൽ സമയം ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മറുപടിക്കായി സര്‍ക്കാര്‍ ഹൈക്കോടതിയിൽ കൂടുതല്‍ സമയം ചോദിച്ചത്.
എന്നാല്‍ എന്തിനാണ് മറുപടി സത്യവാംഗ്മൂലം നല്കാന് അനാവശ്യമായി സമയം നീട്ടിചോദിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടർന്ന് ചൊവ്വാഴ്ച വരെ സമയം അനുവദിച്ച ജസ്റ്റീസ് എ. ബദറുദീൻ. അന്ന് കേസിൽ വാദം നടത്തി തീർപ്പാക്കുമെന്നും വ്യക്തമാക്കി.
കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ശേഖര്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ശേഖര്‍കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് ചൊവ്വാഴ്ച വരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്.