ഇടിച്ച ബൈക്കിന്റെ കമ്പി തുളച്ചുകയറി അപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Wednesday, June 18, 2025 9:07 AM IST
പത്തനംതിട്ട: തിരുവല്ലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തുകലശേരി സ്വദേശി ബെന്നി(59) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനായിരുന്നു ബെന്നി. സ്കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ചുകയറുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു.
ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.