ഹോട്ടൽ മുറിയിൽ നിന്നും കാമുകനൊപ്പം ഭർത്താവ് പിടികൂടി; യുവതി ജീവനൊടുക്കി
Wednesday, June 18, 2025 11:36 AM IST
ലക്നോ: ഉത്തർപ്രദേശിൽ യുവതി ഹോട്ടലിൽ നിന്നും ചാടി ജീവനൊടുക്കി. ബാഗ്പത് ജില്ലയിലെ ബറാത്ത് പട്ടണത്തിലാണ് സംഭവം.
യുവതിയെയും കാമുകനെയും ഭർത്താവ് ഒരു ഹോട്ടലിൽ മുറിയിൽ നിന്നും പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ ഹോട്ടലിന്റെ ടെറസിൽ നിന്നും താഴേയ്ക്ക് ചാടിയത്.
തിങ്കളാഴ്ച ബറാവുത് ടൗണിലെ ചപ്രൗലി റോഡിലുള്ള ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. യുവതി കാമുകനായ ശോഭിത്തിനൊപ്പം ഹോട്ടലിൽ എത്തി. ഇതറിഞ്ഞ ഭർത്താവും ബന്ധുക്കളും സ്ഥലത്തെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു.
ഭർത്താവിനെയും ബന്ധുക്കളെയും കണ്ട് പരിഭ്രാന്തയായ യുവതി ഏകദേശം 12 അടി ഉയരമുള്ള ഹോട്ടൽ മേൽക്കൂരയിൽ നിന്ന് ചാടുകയായിരുന്നു. യുവതിക്കൊപ്പം കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് ബറാത്ത് കോട്വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മനോജ് കുമാർ ചാഹൽ പറഞ്ഞു.
തുഗാന ഗ്രാമത്തിലെ ഒരു യുവാവാണ് ഹോട്ടൽ വാടകയ്ക്ക് നടത്തിയിരുന്നതെന്നും അയാളെയും ചോദ്യം ചെയ്തുവരികയാണെന്നും ചാഹൽ കൂട്ടിച്ചേർത്തു. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന് നൽകിയ പരാതി പ്രകാരം, 2019 ൽ കാകോർ ഗ്രാമത്തിലെ ഒരാളുമായി സ്ത്രീ വിവാഹിതയായിരുന്നു. ദമ്പതികൾക്ക് ഒരു മകനുണ്ട്. വിവാഹത്തിന് മുമ്പ് ഭാര്യ നിരവധി പുരുഷന്മാരുമായി ബന്ധത്തിലായിരുന്നുവെന്നും വിവാഹശേഷം ആ ബന്ധങ്ങൾ തുടർന്നതായും ഭർത്താവ് ആരോപിച്ചു.
കള്ളക്കേസുകൾ ചുമത്തി ഭീഷണിപ്പെടുത്തിയിരുന്നതായും എതിർത്താൽ കൊല്ലുമെന്ന് പോലും ഭീഷണിപ്പെടുത്തിയിരുന്നതായും യുവതിയുടെ ഭർത്താവ് പരാതിയിൽ പറയുന്നു. സംഭവം നടന്ന ദിവസം ദമ്പതികൾ എസ്പി ഓഫീസിലെ വനിതാ സെല്ലിൽ കൗൺസിലിംഗിന് വിധേയരായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു.
ഇതേദിവസം, ഭാര്യ കാമുകനുമായി ബൈക്കിൽ പോകുന്നത് കണ്ടതായി അയാൾ അവകാശപ്പെടുകയും അവരെ ഹോട്ടലിലേക്ക് പിന്തുടരുകയും ചെയ്തു. തുടർന്ന് അയാൾ പോലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് യുവതി ജീവനൊടുക്കുന്നത്.
സംഭവത്തിന് ശേഷം, ഭർത്താവ് തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞു.