യുപിയിൽ അമ്മയെയും മകനെയും വെടിവച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
Tuesday, July 1, 2025 9:42 PM IST
ലക്നോ: ഉത്തർപ്രദേശിലെ അസംഗഢിൽ അമ്മയെയും നാല് വയസുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവച്ച് മരിച്ചു. നീരജ് പാണ്ഡെ എന്നയാളാണ് കൃത്യം ചെയ്തത്.
ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തിന്റെ ഏഴുവയസുള്ള മകളുടെ നില ഗുരുതരമാണെന്നും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
വാരണാസിയിലെ ഒരു ഇന്ധന പമ്പിൽ ജോലി ചെയ്തിരുന്ന നീരജ് പാണ്ഡെ, തിങ്കളാഴ്ച അസംഗഡിലെ ചക്കിയ മുസ്തഫാബാദ് ഗ്രാമത്തിലുള്ള തന്റെ വീട്ടിലെത്തിയാണ് ക്രൂരത ചെയ്യുകയും ജീവനൊടുക്കുകയും ചെയ്തത്.
ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിൽവച്ച് വഴക്കുണ്ടായതിനെ തുടർന്ന് പ്രകോപിതനായ നീരജ്, അമ്മ ചന്ദ്രകലയ്ക്കും മകൻ സാർത്തക്കിനും മകൾ സുഭിക്കും നേരെ വെടിയുതിർത്തു. തുടർന്ന് സ്വയം വെടിവച്ചു.
ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ നാലുപേരെയും ആശുപത്രിയിൽ എത്തിച്ചു. നീരജ്, ചന്ദ്രകല, സാർത്ഥക് എന്നിവർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സുഭിയുടെ നില ഗുരുതരമാണെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവ സമയത്ത് നീരജ് മദ്യലഹരിയിലായിരുന്നുവെന്നും കുടുംബ തർക്കമാകാം ആക്രമണത്തിന് കാരണമെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്എസ്പി മീന പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തിട്ടുണ്ട്. സംഭവ സമയം നീരജിന്റെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല.