ഒരിക്കൽ ഗുണ്ടയായാൽ എല്ലാക്കാലവും ആകണമെന്നില്ല; യുവാവിന്റെ പേര് റൗഡി ലിസ്റ്റിൽ നിന്നും നീക്കണമെന്ന് ഹൈക്കോടതി
Tuesday, July 1, 2025 10:27 PM IST
കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായിരുന്ന യുവാവ് കഴിഞ്ഞ എട്ട് വര്‍ഷമായി കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവാവാണ് തന്റെ പേരും ചിത്രവും സ്ഥലം പോലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നെന്നു കാട്ടി കോടതിയെ സമീപിച്ചത്.
ഒരിക്കല്‍ റൗഡി ആയിരുന്നയാള് എല്ലാക്കാലത്തും അങ്ങനെയാകണമെന്നില്ല. മാത്രമല്ല, എട്ട് വര്‍ഷമായി കേസുകളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് വിധി പ്രഖ്യാപിച്ചത്.
റൗഡി ലിസ്റ്റ് പോലീസ് സ്റ്റേഷനില്‍ പൊതുജനങ്ങള്‍ കാണുന്നിടത്തല്ല, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം കാണാവുന്ന സ്ഥലത്തായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവാവ് തന്റെ പേര് റൗഡി ലിസ്റ്റില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് അധികൃതരെ സമീപിച്ചിരുന്നു. ജനിച്ച സ്ഥലമായ ഫോര്‍ട്ട് കൊച്ചിയില്‍ തനിക്കെതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നായിരുന്നു യുവാവിന്റെ വാദം.
യുവാവിനെതിരെ വധശ്രമമവും തട്ടിക്കൊണ്ടു പോകലുമടക്കം 16 കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഈ ആവശ്യം തള്ളി. കോടതിയെ സമീപിച്ചപ്പോള്‍ പോലീസിനോട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയും പോലീസ് മുന്‍ നിലപാട് തന്നെ സ്വീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. താന്‍ ഇപ്പോള്‍ സഹോദരന്റെ കെട്ടിട നിര്‍മാണ ബിസിനസില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു ക്രിമിനല്‍ കേസു പോലുമില്ലെന്നും യുവാവ് പറയുന്നു.
16 കേസുകളില്‍ 14 എണ്ണത്തിലും നേരത്തെ തന്നെ വെറുതെ വിട്ടു. ഒരു കേസ് ഹൈക്കോടതി തന്നെ തീര്‍പ്പാക്കി. ഇനി ഒരു കേസില്‍ മാത്രമാണ് വിധി വരാനുളളതെന്നും താനതില്‍ എട്ടാം പ്രതി മാത്രമാണെന്നും യുവാവ് പറയുന്നു. തനിക്ക് വരുന്ന വിവാഹാലോചനകള്‍ക്ക് പോലും പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ പേരും ചിത്രവും തടസമാകുന്നെന്ന് യുവാവ് പറഞ്ഞു.
എന്നാല്‍ ഹര്ജിക്കാരന് ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ആളാണെന്നും ഇപ്പോള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് പോലീസിന്റെ നിരന്തര നിരീക്ഷണം ഉള്ളതുകൊണ്ടാണെന്ന് പ്രോസിക്യൂഷന് വാദിച്ചു.
ഇപ്പോള്‍ 40 വയസുള്ള ഹര്ജിക്കാരന് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുകയാണെന്നും സംശയകരമായ ചരിത്രമുള്ള പല വ്യക്തികളുമായും നിരന്തരം ഇടപെടുന്നു എന്നും പ്രോസിക്യൂഷന് പറഞ്ഞു.
പോലീസ് സേനയിലെ ഓരോ അംഗത്തിനും പരിചിതമാകുന്നതിനാണ് റൗഡി ലിസ്റ്റില്‍ പേരും ചിത്രവും വച്ച് സ്റ്റേഷനില്‍ ഒട്ടിച്ചിരിക്കുന്നത് എന്നും പ്രോസിക്യൂഷന് പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ ക്രിമിനല്‍ കേസ് ഇല്ല എന്നതുകൊണ്ട് കാര്യമില്ലെന്നും എപ്പോള്‍ വേണമെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഇടപെടാം എന്ന ചരിത്രമുള്ളയാളാണ് യുവാവ് എന്നുമാണ് പ്രോസിക്യൂഷന് വാദിച്ചത്.
എന്നാല്‍ യുവാവിന് ഒരു അവസരം നല്‍കാമെന്ന് കോടതി പറഞ്ഞു. ചിത്രവും പേരും സ്റ്റേഷനില്‍ നിന്ന് മാറ്റാനും കോടതി നിര്‍ദേശിച്ചു. ചിത്രവും പേരും അവിടെ വച്ചതിന് പോലീസ് പറഞ്ഞ കാരണങ്ങളൊക്കെ തന്നെ പ്രധാനമാണെന്നും അത് അംഗീകരിച്ചു കൊണ്ടു തന്നെ യുവാവിന് നല്ല ജീവിതം നയിക്കാനുള്ള അവസരം നല്‍കുന്നുവെന്നും കോടതി വ്യക്തമാക്കി.