ഐഎൻഎസ് തമാൽ കമ്മീഷൻ ചെയ്തു
Wednesday, July 2, 2025 1:40 AM IST
ന്യൂഡൽഹി: നാവികസേനയ്ക്കു വേണ്ടി റഷ്യയിൽ നിർമിച്ച യുദ്ധക്കപ്പൽ ഐഎൻഎസ് തമാൽ കമ്മീഷൻ ചെയ്തു. റഷ്യയിലെ തീരനഗരമായ കലിനിൻഗ്രാഡിലാണ് കപ്പൽ നിർമിച്ചത്. ഇവിടെവച്ചാണ് കമ്മീഷനിംഗ്.
ഇന്ത്യ വിദേശത്തു നിർമിച്ച അവസാനത്തെ യുദ്ധക്കപ്പലാകും ഐഎൻഎസ് തമാൽ. ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇനി നാവികസേനയ്ക്കുള്ള യുദ്ധക്കപ്പലുകളെല്ലാം രാജ്യത്തുതന്നെയാണ് നിർമിക്കുക.
കലിനിൻഗ്രാഡിലെ യാന്താർ ഷിപ് യാർഡിലാണ് തമാലിന്റെ നിർമാണം നടന്നത്. 125 മീറ്റർ നീളവും 3900 ടൺ കേവുഭാരവുമുള്ള കപ്പൽ നൂതന റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണു നിർമിച്ചത്. രണ്ടു ദശകത്തിനിടെ ഇന്ത്യക്കായി റഷ്യ നിർമിച്ച എട്ടാമത്തെ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലാണിത്.