യുവാക്കളുടെ മരണം; റഷ്യയോട് ഉടക്കി അസർബൈജാൻ
Wednesday, July 2, 2025 3:33 AM IST
മോസ്കോ: റഷ്യ-അസർബൈജാൻ ബന്ധം ഉലയുന്നു. റഷ്യൻ കസ്റ്റഡിയിൽ രണ്ട് അസർബൈജാൻ യുവാക്കൾ കൊല്ലപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. റഷ്യൻ നഗരമായ യെക്കാറ്റെറിൻബർഗിൽ കൊലക്കേസ് അന്വേഷണങ്ങളുടെ ഭാഗമായാണ് റഷ്യൻ പോലീസ് ഇവരെ കസ്റ്റഡിയലെടുത്തത്.
സഹോദരന്മാരായ സിയാദ്ദീനും ഹുസൈൻ സഫറോവുമാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. അസർബൈജാനിൽ ജനിച്ച റഷ്യൻ പൗരത്വമുള്ളവരാണിവർ. ആകെ അൻപതോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ അസർബൈജാൻ വിദേശകാര്യ മന്ത്രാലയം റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
എഫ്എസ്ബി ഏജന്റുമാരാണെന്ന് ആരോപിച്ച് അസർബൈജാൻ രണ്ട് റഷ്യൻ സർക്കാർ മാധ്യമ ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽക്കാരായ ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ സംഘർഷം ആരംഭിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ, അസർബൈജാനി എയർലൈൻസിന്റെ വിമാനം അബദ്ധത്തിൽ റഷ്യൻ വിമാനവേധ മിസൈൽ തകർത്തിരുന്നു. 38 പേരാണ് കൊല്ലപ്പെട്ടത്.